സംഘടനാ ചരിത്രം

മനുഷ്യവര്‍ഗ്ഗത്തിന്‍റെ ചരിത്രത്തില്‍ ഒരു മുഖ്യധാരയാണ് മനുഷ്യന്‍റെ സംഘംചേരല്‍ പ്രക്രിയ. ദീര്‍ഘമായ കാലഘട്ടങ്ങളില്‍ മനുഷ്യന്‍റെ സംഘംചേരല്‍ രീതികളില്‍ മൗലികമായ വ്യത്യാസങ്ങള്‍ നിരവധിയാണ്. ഓരോ കാലത്തും ഓരോ പ്രദേശത്തും ഓരോ ജനസമൂഹത്തിലും ഇത് വ്യത്യസ്തമായിരുന്നു എന്ന് ചരിത്രം സൂക്ഷ്മാംശത്തില്‍ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അതോടൊപ്പം തന്നെ എപ്പോഴും എവിടെയും പൊതുവായുള്ള കുറെ ഘടകങ്ങള്‍ മനുഷ്യന്‍റെ ഒത്തുചേരല്‍ പ്രക്രിയയില്‍ ദര്‍ശിക്കുക എന്നതും ചരിത്ര പാഠം തന്നെ.

ഈ ഒത്തുചേരലിന് പില്‍ക്കാലത്ത് സംഭവിച്ച, അനന്തമെന്ന് വിശേഷിപ്പിക്കാവുന്ന തരത്തിലുള്ള മാറ്റങ്ങളില്‍ സവിശേഷമായ ഒന്നാണ് ഓരോ മേഖലയിലും പണിയെടുക്കുന്നവരില്‍ ഉണ്ടായ സംഘം ചേരല്‍. പിന്നെ അത് വളര്‍ന്ന് ലോകമാകെ പടര്‍ന്ന് അന്തര്‍ദേശീയതലത്തില്‍ തന്നെ തൊഴിലാളി പ്രസ്ഥാനങ്ങള്‍ ഉണ്ടായി. കാലാന്തരത്തില്‍ അതിന് നൂതന തത്വശാസ്ത്രങ്ങളുടെ പിന്‍ബലവും ഉണ്ടായി. എഴുതപ്പെട്ട ചരിത്രം വര്‍ഗ്ഗസമരങ്ങളുടെ ചരിത്രമാണ് എന്നാണ് കാറല്‍ മാര്‍ക്‌സ് രേഖപ്പെടുത്തിയിരിക്കുന്നത്. ശാസ്ത്രീയ ചരിത്രരചനയുടെ ഇന്ത്യന്‍ പിതാവായ ഡി.സി. കൊസാംബി (1907-1966) പറയുന്നത് 'അപഗ്രഥനാത്മകമായ രീതിയില്‍ ചരിത്രത്തെ വിശകലനം ചെയ്യുകയും ശാസ്ത്രത്തിന്‍റെ സഹായത്തോടെ ചരിത്രത്തെ മാറ്റി മറിക്കുകയും ചെയ്യുക എന്നതാണ് ചരിത്രത്തിന്‍റെ കടമ' എന്നാണ്. 1319 ല്‍ ബ്രിട്ടനിലെ തൊഴിലാളികള്‍ നടത്തിയ പണിമുടക്കം ചരിത്രത്തിലെ ആദ്യത്തെ പണിമുടക്കമായി കണക്കാക്കപ്പെടുന്നു. 1848 ല്‍ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ പ്രസിദ്ധം ചെയ്തു. 1864 ല്‍ ഇന്റര്‍നാഷണല്‍ വര്‍ക്കിംഗ്‌മെന്‍ സമ്മേളനം ലണ്ടന്‍ പട്ടണത്തില്‍ നടന്നു. ഇത് ആദ്യത്തെ തൊഴിലാളി പ്രസ്ഥാനങ്ങളുടെ ഒത്തുചേരലായി മാറി. 1871 ലെ പാരീസ് കമ്മ്യൂണും ഫ്രഞ്ച് വിപ്‌ളവവും 1886 ലെ ചിക്കാഗോ സമരവും (മെയ് ദിനത്തിന് തുടക്കം ) 1917 ലെ റഷ്യന്‍ വിപ്ലവും ഒന്നും രണ്ടും മഹായുദ്ധങ്ങളും ചരിത്രത്തിലെ ഏറ്റവും വലിയ ഏടുകളാണ്.

1870 -ല്‍ ഇന്ത്യയില്‍ റെയില്‍വെ തൊഴിലാളികള്‍ നടത്തിയ പണിമുടക്കം ചരിത്രത്തിന്‍റെ ഭാഗമാണ്. 1885 - ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് രൂപംകൊണ്ടു. 1920- ല്‍ ആദ്യമായി ഒരു ട്രേഡ് യൂണിയന്‍ സംഘടന ഉണ്ടായി- എ.ഐ.റ്റി. യു. സി. ലാലാലജ്പത്‌റായി ആയിരുന്നു ആദ്യപ്രസിഡന്റ്. 1928 - ല്‍ ജവഹര്‍ലാല്‍ നെഹ്‌റു എ.ഐ.റ്റി. യു.സി. പ്രസിഡന്റായി. തുടര്‍ന്നു വന്ന കാലഘട്ടങ്ങളില്‍ സ്വാതന്ത്ര്യം നേടുന്നതിനുവേണ്ടി മഹാത്മാഗാന്ധിയുടെ നേതൃത്വത്തില്‍ ഉപ്പുസത്യാഗ്രഹവും ക്വിറ്റിന്ത്യാ സമരവും അടക്കമുള്ള നിരവധി സമരങ്ങള്‍ നടന്നു. ആയിരങ്ങള്‍ ജീവന്‍പോലും വെടിഞ്ഞ് സമരത്തില്‍ പങ്കെടുത്തു. 1947 ആഗസ്റ്റ് 15 -ന് ഇന്ത്യക്ക് ബ്രിട്ടീഷുകാരില്‍ നിന്ന് മോചനം കിട്ടി. പക്ഷേ ഇന്ത്യ രണ്ടാകുന്ന വന്‍ദുരന്തവും അതോടൊപ്പം തന്നെ സംഭവിച്ചുകഴിഞ്ഞിരുന്നു.

ഇന്ത്യയില്‍ എന്ന്, എവിടെയാണ് സിവില്‍ സര്‍വ്വീസ് രൂപപ്പെട്ടത് എന്ന് കണ്ടെത്തല്‍ ദുഷ്‌കരമാണ്. 1722 - ല്‍ സിവില്‍ സര്‍വ്വീസിന്‍റെ ഒരു പ്രാഗ്‌രൂപം ഉണ്ടായി എന്ന് ഏകദേശം പറയാനാകും എന്നുമാത്രം. 1498 മേയ് മാസത്തില്‍ വാസ്‌കോഡഗാമ കോഴിക്കോട് വന്നിറങ്ങിയത്, യുറോപ്യന്‍ ശക്തികളുടെ കടന്നു കയറ്റത്തിന് തുടക്കമായി. പോര്‍ട്ടുഗീസുകാര്‍ക്കെതിരായ പോരാട്ടത്തില്‍ കുഞ്ഞാലിമരയ്ക്കാര്‍ വീരേതിഹാസം രചിച്ചു. മാര്‍ത്താണ്ഡവര്‍മ്മ (1729-1758) തിരുവിതാംകൂര്‍ ഭരിക്കുമ്പോള്‍ സൈനികശക്തി വര്‍ദ്ധിച്ചു. 1741 ല്‍ ഡച്ചുകാരുടെ സൈനികമോഹത്തിനു തിരിച്ചടി നല്‍കി. കുളച്ചല്‍ യുദ്ധത്തില്‍ അവരെ പരാജയപ്പെടുത്തി. ആദ്യമായി റവന്യൂ, ധനകാര്യം, നീതിന്യായം, പട്ടാളം എന്നീ വകുപ്പുകള്‍ ഉണ്ടാകുന്നത് 1729 ല്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ കാലത്താണ്. 1758 ല്‍ തിരുവിതാംകൂര്‍ ഉണ്ടായി. 1792 ല്‍ മലബാര്‍ ,ഈസ്റ്റ് ഇന്ത്യാക്കമ്പനിയുടെ നിയന്ത്രണത്തിലായി. വടക്കന്‍ കേരളത്തില്‍ മയ്യഴിമാത്രം ഫ്രഞ്ചുകാരുടെ നിയന്ത്രണത്തില്‍ നിലനിന്നു.

കേരളത്തില്‍ ബ്രിട്ടീഷ് വിരുദ്ധകലാപം 1697 - ല്‍ ആറ്റിങ്ങലിലും 1721 - ല്‍ അഞ്ചുതെങ്ങിലും നടന്നു. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയും തിരുവിതാംകൂറും തമ്മില്‍ 1723 - ല്‍ ചില കാര്യങ്ങളില്‍ ഉടമ്പടി ഒപ്പുവച്ചത് ഒരു ദുരന്തത്തിന്‍റെ തുടക്കമായിരുന്നു. എട്ടുവീട്ടില്‍ പിള്ളമാര്‍ ഇതിനെ എതിര്‍ത്തതായി കണക്കാക്കപ്പെടുന്നു. ഉത്തര കേരളത്തില്‍ നില നിന്ന അരാജകാവസ്ഥ മുതലെടുത്ത് മൈസൂര്‍ ഭരണാധികാരി ടിപ്പു സുല്‍ത്താന്‍ അവിടേക്കു കടന്നു കയറ്റം നടത്തുകയും തിരുവിതാംകൂറില്‍ കണ്ണുവയ്ക്കുകയും ചെയ്തു. എന്നാല്‍ തിരുവിതാംകൂറില്‍ എത്താനായില്ല. രാജ്യസ്‌നേഹിയായിരുന്ന പഴശ്ശിരാജ ബ്രിട്ടീഷ്‌കാരോട് പടപൊരുതി നിന്നു. അവസാനം പരാജയപ്പെടുമെന്ന സാഹചര്യമുണ്ടായപ്പോള്‍ അവരുടെ കൈയില്‍ അകപ്പെടാതിരിക്കാന്‍ 1805 നവംബര്‍ 30 ന് വൈരക്കല്ലു വിഴുങ്ങി ആത്മഹത്യ ചെയ്തു. അതുപോലെ 1809 ജനുവരി 11 -ന് ബ്രിട്ടീഷുകാര്‍ക്കെതിരായി വേലുത്തമ്പിദളവ കുണ്ടറയില്‍ വിളംബരം നടത്തി. ഭീകരമായ യുദ്ധത്തിനൊടുവില്‍ അദ്ദേഹം ആത്മഹത്യ ചെയ്തു.

സ്വാതിതിരുനാള്‍ രാജാവിന്‍റെ കാലത്ത് ബ്രിട്ടീഷുകാര്‍ തിരുവിതാംകൂറില്‍ പിടിമുറുക്കി. ബ്രിട്ടീഷ് സ്വാധീനം വര്‍ദ്ധിക്കുന്നത് രാജ്യത്ത് പുത്തന്‍ കെടുതികള്‍ സൃഷ്ടിച്ചു കൊണ്ടിരുന്നു. എന്നാല്‍ ഇന്ത്യയിലുള്ള ബ്രിട്ടീഷുകാര്‍ക്കുവേണ്ടിയാണെങ്കിലും ലോകത്തുണ്ടായിക്കൊണ്ടിരുന്ന മാറ്റങ്ങള്‍ ഇവിടെയും വന്നെത്തി തുടങ്ങി. വിദ്യാഭ്യാസ രംഗത്ത് പുതിയ ചലനങ്ങള്‍ ഉണ്ടായി. ലോകസാഹിത്യവുമായി ബന്ധപ്പെടാന്‍ അവസരമുണ്ടായി. ശാസ്ത്രത്തിന്‍റെ കണ്ടുപിടുത്തങ്ങള്‍ അറിയാനും അനുഭവിക്കാനും ഇടവന്നു. കേരളീയ സമൂഹം ആകെത്തന്നെ അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും മറ്റ് സാമൂഹിക തിന്മകളിലും കുടുങ്ങി നരകയാതനയിലായിരുന്നു. കേരളത്തിന്‍റെ നവോത്ഥാനത്തില്‍ ശ്രീനാരായണഗുരു (1854- 1928) ചെലുത്തിയ സ്വാധീനം ഒരിക്കലും വിലമതിക്കാന്‍ കഴിയാത്തതാണ്. 'ഒരു ജാതി, ഒരു മതം,ഒരു ദൈവം മനുഷ്യന് 'എന്ന അദ്ദേഹത്തിന്‍റെ സിദ്ധാന്തം എന്നും പുത്തന്‍ വെളിച്ചമാണ്. 1903 - ല്‍ എസ്.എന്‍. ഡി. പി. ഉണ്ടായി. ഡോ. പള്‍പ്പു, മഹാകവി കുമാരനാശന്‍ തുടങ്ങിയവരാണ് ഇതിന് നേതൃത്വം നല്‍കിയത്. 1971 - ല്‍ യുക്തിവാദിയായ സഹോദരന്‍ അയ്യപ്പന്‍, ശ്രീനാരായണ ഗുരുവിന്‍റെ വാക്കുകളെ 'ജാതിവേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന് 'എന്നാക്കി് മാറ്റി. ഇതൊക്കെ സമൂഹത്തില്‍ വലിയ ചലനങ്ങളാണുണ്ടാക്കിയത്. സമൂഹത്തില്‍ അടിച്ചമര്‍ത്തപ്പെട്ടവര്‍ താഴ്ന്ന ജാതിക്കാരായി കണക്കാക്കപ്പെടുന്നവര്‍, യാതൊരു സ്വാതന്ത്ര്യവും ഇല്ലാതിരുന്നവര്‍- ഇവരുടെ വേദനകള്‍ തിരിച്ചറിഞ്ഞ്, ശ്രീനാരായണഗുരുവില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് അയ്യന്‍കാളി (1866-1941 ) അവരെ സംഘടിപ്പിച്ചത് മറ്റൊരു ചരിത്ര സംഭവമാണ്. 1910 ല്‍ യോഗക്ഷേമ സഭ രൂപീകരിച്ചു. 1837 - ല്‍ തിരുവിതാംകൂറില്‍ അവര്‍ണ്ണരായിട്ടുള്ള സ്ത്രീകള്‍ മാറുമറയ്ക്കുന്നത് നിരോധിച്ചു. ഇതിനെതിരെ അതിശക്തമായ സമരം നടന്നു. വൈകുണ്ഠ സ്വാമിയാണ് അതിന് നേതൃത്വം നല്‍കിയത്.

മലയാള ശൂദ്രര്‍ എന്നറിയപ്പെട്ടിരുന്ന നായന്മാര്‍ സാമൂഹികമായി ഏറ്റവും അധഃപതിച്ച അവസ്ഥയിലായിരുന്നു. അതിന് മാറ്റം വരുത്താന്‍ ത്യാഗപൂര്‍വ്വം പരിശ്രമിച്ചത് ചട്ടമ്പിസ്വാമികള്‍ (1853-1924) ആയിരുന്നു. 1914 - ല്‍ മന്നത്തു പത്മനാഭന്‍റെ നേതൃത്വത്തില്‍ എന്‍.എസ്.എസ്. രൂപം കൊണ്ടു. മുസ്‌ലിം സമുദായത്തിന്‍റെ അവശതകള്‍ പരിഹരിക്കാന്‍ ഈ കാലഘട്ടത്തില്‍ മുന്നിട്ടിറങ്ങി പ്രവര്‍ത്തിച്ചത് വക്കം അബ്ദുള്‍ ഖാദര്‍ മൗലവി ആയിരുന്നു. 1923 -ല്‍ അദ്ദേഹം ' കേരള മുസ്‌ലിം ഐക്യ സംഘം' രൂപീകരിച്ചു. 1905 ല്‍ ക്രിസ്ത്യന്‍ അവശതകള്‍ പരിഹരിക്കാനായി കത്തോലിക്ക മഹാസഭയുണ്ടായി. 1891 - ല്‍ മലയാളി മെമ്മോറിയലും 1896 - ല്‍ ഈഴവ മെമ്മോറിയലും ഉണ്ടായി. ജാതി പരിഗണനക്കപ്പുറം സാമൂഹ്യ വളര്‍ച്ചയായിരുന്നു ഈ സംഘടനകളുടെയൊക്കെ മുഖ്യലക്ഷ്യം.

ദേവസ്വം ഭരണം അന്ന് ലാന്റ് റവന്യൂ വകുപ്പിന്‍റെ നിയന്ത്രണത്തിലായിരുന്നു. അതിനാല്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുവാദമില്ലാത്ത അയിത്തജാതിക്കാര്‍ ഈ വകുപ്പില്‍ നിയമിക്കപ്പെടാന്‍ പാടില്ലെന്ന് 1919 - ല്‍ തീരുമാനമുണ്ടായി. ഇതിനെതിരെ ടി. കെ. മാധവന്‍, ഇ.ജെ. ജോണ്‍ എന്നിവരുടെ നേതൃത്വത്തില്‍ ശക്തമായ സമരം നടന്നു. ഒടുവില്‍ റവന്യു വകുപ്പ് ദേവസ്വം വകുപ്പ് എന്നീ രണ്ടു വകുപ്പുകള്‍ക്ക് രൂപം നല്‍കി പ്രശ്‌നം പരിഹരിച്ചു. ദേവസ്വം വകുപ്പില്‍ ഉയര്‍ന്ന ജാതിക്കാര്‍ക്കു മാത്രമേ നിയമനം നല്‍കിയുള്ളു. 1924 - ല്‍ വൈക്കം സത്യാഗ്രഹം നടന്നു. ഇതില്‍ മഹാത്മാഗാന്ധിയും പങ്കെടുത്തു. തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളുടെ ഫലമായി 1936 നവംബര്‍ 12 - ന് ക്ഷേത്ര പ്രവേശന വിളംബരം ഉണ്ടായി. 1934 - ല്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം 1/3 കുറയ്ക്കാന്‍ ശ്രീമൂലം അസംബ്ലി പ്രമേയത്തിലൂടെ തീരുമാനിച്ചു. റവന്യൂ വകുപ്പില്‍ അന്ന് ഉണ്ടായിരുന്ന തസ്തികകള്‍ ഇവയായിരുന്നു- കാര്യക്കാര്‍ (തഹസീല്‍ദാര്‍), പാര്‍വത്തികാര്‍ (വില്ലേജാഫീസര്‍), കണക്കപ്പിള്ള (വില്ലേജ് അസിസ്റ്റന്റ് ), തണ്ടക്കാര്‍ (പ്യൂണ്‍) 1935 - ല്‍ തിരുവിതാംകൂറില്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ ഉണ്ടായി.

1930 ലെ ഉപ്പുസത്യാഗ്രഹത്തോടെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സമരം കൂടുതല്‍ കരുത്തുനേടി മുന്നോട്ടു പോയി. എന്നാല്‍ അന്നത്തെ മിക്ക കോണ്‍ഗ്രസ്സ് നേതാക്കന്മാരും സമൂഹത്തിലെ ഏറ്റവും വലിയ പ്രമാണിമാരായിരുന്നു. 1917 - ല്‍ കോഴിക്കോട് നടന്ന കോണ്‍ഗ്രസ്സ് സമ്മേളനത്തില്‍ അദ്ധ്യക്ഷം വഹിച്ചത് സര്‍.സി.പി. രാമസ്വാമി അയ്യര്‍ ആയിരുന്നു എന്നത് ഒരുദാഹരണം മാത്രം. അവര്‍ സമൂഹത്തെക്കുറിച്ച് ആഴത്തില്‍ ചിന്തിച്ചിരുന്നില്ല. ഈ ശൈലിയില്‍ പ്രതിഷേധിച്ച് മനുഷ്യ സ്‌നേഹികളായ ധാരാളം പേര്‍ കോണ്‍ഗ്രസ്സില്‍ നിന്ന് പുറത്തു പോകാന്‍ തുടങ്ങി. സോഷ്യലിസ്റ്റുകളായി മാറിയ അവരില്‍ ഭൂരിപക്ഷവും കാലാന്തരത്തില്‍ കമ്മ്യൂണിസ്റ്റുകാരായി മാറി. പി. കൃഷ്ണപിള്ള, ഇ.എം. എസ്, എ.കെ. ജി, എം. എന്‍. ഗോവിന്ദന്‍നായര്‍, സി. അച്യതമേനോന്‍, കെ.പി.ആര്‍ ഗോപാലന്‍, റ്റി.വി. തോമസ് ഇവരുടെ നിര വളരെ വളരെ നീണ്ടതാണ്. 1920 -ല്‍ തന്നെ കമ്മ്യൂണിസ്റ്റ് ഗ്രൂപ്പിന് തുടക്കമായി എങ്കിലും 1939 ഡിസംബറില്‍ പിണറായിയിലെ പാറപ്പുറത്ത് വച്ചു കൂടിയ കോണ്‍ഗ്രസ്സ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ 90 സജീവ പ്രവര്‍ത്തകര്‍ പങ്കെടുത്ത രഹസ്യയോഗമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തനത്തിന് ഔപചാരികമായി തുടക്കം കുറിച്ചത്. 1941 - ലെ കയ്യൂര്‍ സമരം 1946 - ലെ കരിവള്ളൂര്‍ സമരം, വയലാര്‍ -പുന്നപ്ര സമരങ്ങള്‍, ചെങ്ങന്നൂര്‍, കടയ്ക്കല്‍, കല്ലറ, പാങ്ങോട് സമരങ്ങള്‍ ഇവയോരോന്നും ചരിത്രത്തിന്‍റെ ഭാഗമാണ്. 1946 - ല്‍ നിരോധിക്കപ്പെട്ട കമ്മ്യൂണിസ്റ്റ് പാര്‍ട്ടി, പാവപ്പെട്ട മനുഷ്യര്‍ക്കുവേണ്ടി ത്യാഗപൂര്‍ണ്ണമായ എണ്ണമറ്റ സമരങ്ങള്‍ തുടര്‍ന്നു നടത്തി. ഒളിവിലിരുന്നുകൊണ്ടുതന്നെ നൂറുകണക്കിന് കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകര്‍ കര്‍ഷകത്തൊഴിലാളികളെയും മറ്റ് അവശ ജനവിഭാഗങ്ങളെയും സംഘടിപ്പിച്ചു.

1947 ആഗസ്റ്റ് 15 ന് ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടി. ജവഹര്‍ലാല്‍ നെഹ്‌റു ആദ്യത്തെ പ്രധാനമന്ത്രിയായി . ഇതോടൊപ്പം പാക്കിസ്ഥാനും നിലവില്‍ വന്നു. 1948 ജനുവരി 30 ന് മഹാത്മാഗാന്ധി വെടിയേറ്റു മരിച്ചത് ഇന്ത്യയുടെ എന്നത്തേയും വേദനയായി മാറി. 1946 - ല്‍ എറണാകുളത്തു ചേര്‍ന്ന പ്രജാമണ്ഡലത്തിന്‍റെ വാര്‍ഷികയോഗം ഉത്തരവാദഭരണത്തിനു വേണ്ടി പ്രക്ഷോഭമാരംഭിക്കുവാന്‍ തീരുമാനിച്ചു. മലബാര്‍, കൊച്ചി, തിരുവിതാംകൂര്‍ ഉള്‍പ്പെട്ട കേരള സംസ്ഥാന രൂപീകരണമെന്ന നിര്‍ദ്ദേശത്തിന് പിന്തുണ നല്‍കി. 1948 സെപ്തംബര്‍ 20-ന് ഇക്കണ്ടവാര്യര്‍ പ്രജാമണ്ഡലസഭയുടെ പ്രധാന മന്ത്രിയായി. അതുപോലെ തന്നെ 1948 മാര്‍ച്ച് 24- ന് തിരുവിതാംകൂറില്‍ ഒന്നാമത്തെ ജനകീയ മന്ത്രിസഭ അധികാരത്തില്‍ വന്നു. പട്ടം താണുപിള്ളയായിരുന്നു പ്രധാനമന്ത്രി. ടി.എം. വര്‍ഗ്ഗീസ്, സി.കേശവന്‍ എന്നിവര്‍ മന്ത്രിമാരായി.

1947 ആഗസ്റ്റ് 19 -ന് സര്‍. സി.പി. രാമസ്വാമി അയ്യര്‍ സ്ഥാനമൊഴിഞ്ഞു. 1949 ജൂലൈ ഒന്നിന് തിരുകൊച്ചി ഒന്നായിമാറി. തിരുവിതാംകൂര്‍ മഹാരാജാവായിരുന്നു പുതിയ സംസ്ഥാനത്തിന്‍റെ ഭരണത്തലവന്‍. കേന്ദ്ര സര്‍ക്കാര്‍ നിയമിച്ച സര്‍ദാര്‍ കെ.എം. പണിക്കരുടെ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി, ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപീകരിക്കപ്പെട്ടു. അങ്ങനെ 1956 നവംബര്‍ ഒന്നിന് കേരളം രൂപം കൊണ്ടു. സിവില്‍ സര്‍വീസ്

തൊഴിലാളി സംഘടനകളുമായി ഒത്തുചേരാന്‍ വെള്ളക്കോളര്‍ വിഭാഗക്കാര്‍ ആദ്യം തയ്യാറായില്ല. ഇന്നത്തെ രീതിയിലുള്ള സിവില്‍ സര്‍വീസിന് ആരംഭം കുറിച്ചത് ഈസ്റ്റ് ഇന്ത്യാ കമ്പനിയാണ്. ജീവനക്കാരുടെ രാഷ്ട്രീയ പ്രവര്‍ത്തനം 1890 - ല്‍ നിരോധിച്ചു. 1920 - ല്‍ മദ്രാസ് എന്‍. ജി.ഒ അസോസിയേഷന്‍ ഉണ്ടായി. 1921 - ല്‍ ചില വ്യവസ്ഥകളോടെ സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനയ്ക്ക് അംഗീകാരം ലഭിച്ചു. 1944 - ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ പട്ടാളക്കാര്‍ക്ക് പട്ടിണിക്കാശ് അനുവദിച്ചു. അങ്ങനെയാണ് ക്ഷാമബത്താ തത്വം നിലവില്‍ വന്നത്. കേന്ദ്ര ജീവനക്കാര്‍ക്ക് അനുവദിക്കപ്പെട്ട എക്‌സ്‌ചേഞ്ച് കോംപന്‍സേഷന്‍ അലവന്‍സ് അടക്കമുള്ള ആനുകൂല്യങ്ങള്‍ ലഭിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് മദ്രാസ് പ്രൊവിന്‍സിലെ ജീവനക്കാര്‍ 1947 ഡിസംബര്‍ 15 മുതല്‍ 7 ദിവസം പണിമുടക്കി. കണ്ണന്‍കുട്ടി മേനോനായിരുന്നു സമരത്തിന് നേതൃത്വം നല്‍കിയത്. സമരം സര്‍ക്കാരിന്‍റെ കുതന്ത്രത്തിന്‍റെ മുമ്പില്‍ താല്ക്കാലികമായി പരാജയപ്പെട്ടു.

കെ.വി. സുരേന്ദ്രനാഥിന്‍റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് പുളിമൂട്ടില്‍ 1947 സെപ്തംബര്‍ 5-ന് ജീവനക്കാരുടെ യോഗം ചേര്‍ന്നതും അതിന്‍റെ തുടര്‍ച്ചയായി 10-ന് പുത്തന്‍ ചന്തയില്‍ വിക്ടറി ട്യൂട്ടോറിയലില്‍ വച്ച് വിശാലമായ സമ്മേളനം വിളിച്ചതും അവിടെ സ്ഥലം തികയാതെ ചെങ്കല്‍ചൂള മൈതാനിയിലേക്ക് ജീവനക്കാര്‍ കൂട്ടത്തോടെ നീങ്ങി യോഗം നടത്തിയതും ഈ രംഗത്തെ അനുഭവങ്ങളായിരുന്നു. അന്ന് രൂപം കൊണ്ട തിരുവിതാംകൂര്‍ എന്‍. ജി. ഒ അസോസിയേഷന്‍റെ പ്രസിഡന്റായി മുണ്ടനാട് മാധവന്‍പിള്ളയെ തെരഞ്ഞെടുത്തു. നാലുമാസത്തെ ശമ്പളം ബോണസ് അനുവദിക്കണമെന്നും വാര്‍ അലവന്‍സ് വര്‍ദ്ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. സംഘടന ശക്തിപ്പെടാന്‍ തുടങ്ങിയ ഉടന്‍ തന്നെ, സര്‍ക്കാര്‍ ഭീഷണി ഉയര്‍ത്തി രംഗത്തെത്തി. സംഘടന പിരിച്ചുവിടാന്‍ നിര്‍ദ്ദേശിച്ചു. സംഘടനയില്‍ അംഗങ്ങളാകുന്നവരെ സസ്‌പെന്റ് ചെയ്യുകയോ പിരിച്ചുവിടുകയോ ചെയ്യുമെന്ന് ഭീഷണി ഉയര്‍ത്തി. ഇത് സംഘടനയുടെ മുന്നോട്ടുള്ള പ്രവര്‍ത്തനം ദുഷ്‌കരമാക്കി.

തിരുവിതാംകൂറില്‍ തപാല്‍ കൈകാര്യം ചെയ്തിരുന്നത് അഞ്ചല്‍ വകുപ്പായിരുന്നു. തുച്ഛമായ ശമ്പളമാണ് അതിലെ ജീവനക്കാര്‍ക്ക് നല്‍കിയിരുന്നത്. ഇതിനെതിരായി ജീവനക്കാര്‍ 1947 ഡിസംബറില്‍ അഖില തിരുവിതാംകൂര്‍ അഞ്ചല്‍ എംപ്ലോയീസ് അസോസിയേഷന്‍റെ നേതൃത്വത്തില്‍ 145 ദിവസം പണിമുടക്കി. 1947 ഡിസംബറില്‍ തിരുവിതാകൂര്‍ എന്‍. ജി.ഒ അസോസിയേഷന്‍റെ അംഗീകാരം റദ്ദു ചെയ്തുകൊണ്ടും അതില്‍ അംഗത്വം തുടരുന്നവര്‍ക്കെതിരെ ശിക്ഷണ നടപടികള്‍ ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തികൊണ്ടും സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഇതിനെതിരെയുള്ള പോരാട്ടങ്ങളെത്തുടര്‍ന്ന് രാജഗോപാലന്‍നായര്‍, ശ്രീധരകൈമള്‍, താണുപിള്ള, സി.ചാക്കോ എന്നിവരെ സര്‍വ്വീസില്‍ നിന്ന് സര്‍ക്കാര്‍ പുറത്താക്കുകയുണ്ടായി.

ജീവനക്കാരുടെ ആവശ്യങ്ങള്‍ ഉന്നയിച്ച് പട്ടം മന്ത്രിസഭയ്ക്ക് നിവേദനം നല്‍കാന്‍ 1948 - ല്‍ അസോസിയേഷന്‍ തീരുമാനിച്ചു. എന്നാല്‍ നിവേദനം വാങ്ങാനാകില്ല എന്ന നിലപാടാണ് പട്ടം കൈകൊണ്ടത്. 1948 ഒക്‌ടോബര്‍ 17- ന് പട്ടം മന്ത്രിസഭ രാജിവയ്ക്കുകയും പകരം പറവൂര്‍ ടി.കെ. നാരായണപിള്ള ചുമതലയേല്‍ക്കുകയും ചെയ്തു. ഈ കാലഘട്ടത്തില്‍ സംഘടനാ പ്രവര്‍ത്തനം കൂടുതല്‍ ശക്തമായി. 1949 ഏപ്രില്‍ 27- ന് കൂടിയ അസോസിയേഷന്‍ യോഗം വേണ്ടിവന്നാല്‍ പണിമുടക്കം ഉള്‍പ്പെടെയുള്ള സമരപരിപാടി നടത്തണമെന്ന് അഭിപ്രായപ്പെട്ടു. സമരത്തിന് പ്രേരിപ്പിച്ച കുറ്റത്തിന് എം.കെ. എന്‍. ചെട്ടിയാര്‍, ആര്‍. കൃഷ്ണവാര്യര്‍, പി. നാണു, പി. സോമനാഥന്‍, പി.ചാക്കോ, ആര്‍. രാഘവന്‍നായര്‍ എന്നിവരെ 1949 മേയ് മാസത്തില്‍ സര്‍വീസില്‍ നിന്ന് പുറത്താക്കി. എന്നാല്‍ ക്ഷാമബത്തയിലും ശമ്പളത്തിലും ചെറിയ വര്‍ദ്ധനവ് വരുത്തി. 1951 ല്‍ തിരു- കൊച്ചി എന്‍.ജി.ഒ ഫെഡറേഷന്‍ രൂപീകൃതമായി. 1952 -ല്‍ കോട്ടയത്തു നിന്ന് എന്‍.ജി.ഒ എന്ന മാസിക പ്രസിദ്ധീകരിക്കാന്‍ തുടങ്ങി. സി.ചാക്കോ ആയിരുന്നു ഇതിനു നേതൃത്വം നല്‍കിയത്.

പട്ടം വീണ്ടും അധികാരത്തിലെത്തി. 1954 - ല്‍ ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് ജീവനക്കാര്‍ (കെ.എസ്.ആര്‍.റ്റി.സി രൂപം കൊള്ളുന്നത് 1964 -ല്‍ ആണ്) പണിമുടക്കി. സമരത്തെ അതിക്രൂരമായി അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സമരത്തിന് ഉറച്ച പിന്തുണ നല്‍കി. അവര്‍ ഓടുന്ന ബസുകള്‍ പിക്കറ്റ് ചെയ്തു. തുടര്‍ന്ന് പാര്‍ട്ടി പ്രവര്‍ത്തകരെ തെരഞ്ഞുപിടിച്ച് പോലീസ് ഭീകരമായി മര്‍ദ്ദിച്ചു. ട്രാന്‍സ്‌പോര്‍ട്ട് ജീവനക്കാര്‍ നടത്തിയ സമരം, സമരചരിത്രത്തില്‍ പുത്തന്‍ അദ്ധ്യായമായി മാറി. വെട്ടിക്കുറച്ച ശമ്പളം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മ്യൂസിയം ജീവനക്കാര്‍ 1955-ല്‍ പണിമുടക്കി. 155 ദിവസം നീണ്ടുനിന്ന സമരം വന്‍വിജയമായിരുന്നു. 1955-ല്‍ തിരു-കൊച്ചി മിനിസ്റ്റീരിയല്‍ സ്റ്റാഫ് യൂണിയന്‍ ഉണ്ടായി. 1955 ഡിസംബര്‍ മാസത്തില്‍ തിരു-കൊച്ചി ഗവണ്‍മെന്റ് ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിച്ച് ഉത്തരവിറങ്ങി. കാര്യമായ നേട്ടമൊന്നും ജീവനക്കാര്‍ക്കുണ്ടായില്ല.

കേരള സംസ്ഥാന രൂപീകരണം തിരു-കൊച്ചിയും മലബാറും കൂടി ചേര്‍ന്ന് 1.11.1956-ല്‍ കേരള സംസ്ഥാനം രൂപം കൊണ്ടു. സിവില്‍ സര്‍വീസില്‍ ഇത് ഗുരുതരമായ പ്രതിസന്ധികള്‍ക്കു വഴിതുറന്നു. വകുപ്പുകളില്‍ വ്യത്യാസം, അടിസ്ഥാന ശമ്പളത്തില്‍ വ്യത്യാസം, ഇന്‍ക്രിമെന്റില്‍ വ്യത്യാസം, പ്രൊമോഷന്‍ കാര്യങ്ങളില്‍ വ്യത്യാസം അങ്ങനെ ആകെ കൂട്ടക്കുഴപ്പത്തില്‍ കാര്യങ്ങള്‍ എത്തിനിന്നു. സര്‍വീസ് സംയോജനം കീറാമുട്ടിയായി. അതുകൊണ്ട് തന്നെ ജീവനക്കാരുടെ പൊതുവായുള്ള വിഷയങ്ങള്‍ ഈ ഘട്ടത്തില്‍ പിന്‍തള്ളപ്പെട്ടു. സംഘടനകളും ചിന്താക്കുഴപ്പത്തിലായി. സംസ്ഥാനം രൂപം കൊള്ളുമ്പോള്‍ നിരവധി സംഘടനകള്‍ നിലവിലുണ്ടായിരുന്നു. തിരു- കൊച്ചി എന്‍.ജി.ഒ ഫെഡറേഷന്‍, തിരു-കൊച്ചി മിനിസ്റ്റീരിയല്‍ സ്റ്റാഫ് യൂണിയന്‍, നോര്‍ത്ത് കേരള എന്‍.ജി.ഒ അസോസിയേഷന്‍ എന്നിവ അതില്‍ പ്രധാനങ്ങളായിരുന്നു.

സംസ്ഥാനത്ത് നടന്ന ആദ്യത്തെ തെരഞ്ഞെടുപ്പില്‍, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തിലെത്തിയത് ചരിത്രസംഭവമായി മാറി. 1957 ഏപ്രില്‍ 5- ന് ഇ.എം.എസ് മുഖ്യമന്ത്രിയായി അധികാരമേറ്റു. വേദനിക്കുന്ന മനുഷ്യന്‍റെ പ്രശ്‌നങ്ങള്‍ ഒന്നൊന്നായി ആ സര്‍ക്കാര്‍ പരിഹരിക്കാന്‍ തുടങ്ങി. സംഘടനാ പ്രവര്‍ത്തനം നടത്തിയതിന് പുറത്താക്കിയവരെ സര്‍വീസില്‍ പ്രവേശിപ്പിച്ചു. സംഘടനാ സ്വാതന്ത്ര്യം അനുവദിച്ചു. സി. അച്യുതമേനോന്‍, വി.ആര്‍. കൃഷ്ണയ്യര്‍, പ്രൊഫ. ജോസഫ് മുണ്ടശ്ശേരി, കെ.ആര്‍. ഗൗരിയമ്മ എന്നിവര്‍ മന്ത്രിസഭയിലെ അംഗങ്ങളായിരുന്നു. കാര്‍ഷിക പരിഷ്‌കാരവും വിദ്യാഭ്യാസ പരിഷ്‌കാരവു മൊക്കെ തല്‍പ്പരകക്ഷികളും ജാതിമതസംഘടനകളും ചേര്‍ന്ന് വന്‍ വിവാദമാക്കി മാറ്റികൊണ്ടിരുന്നു. കേന്ദ്രം ഭരിച്ചിരുന്ന കോണ്‍ഗ്രസ്സ് പാര്‍ട്ടി ഇക്കൂട്ടര്‍ക്ക് എല്ലാ ഒത്താശയും നല്‍കി. മലയാളമനോരമ, മാതൃഭൂമി, ദീപിക പോലെയുള്ള പത്രങ്ങളും ഇവരോടൊപ്പം ചേര്‍ന്നു.

സര്‍വീസ് സംയോജനത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനു വേണ്ടി ഒരു സമിതിയെ നിയമിച്ചു. കേന്ദ്ര ആഭ്യന്തര ഡെപ്യൂട്ടി സെക്രട്ടറി ചാറ്റര്‍ജി ചെയര്‍മാനും ചീഫ് സെക്രട്ടറി എന്‍. ഇ.എസ് രാഘവാചാരി അതില്‍ അംഗവുമായിരുന്നു. സംഘടനാ പ്രതിനിധികളെയും ഇതില്‍ ഉള്‍പ്പെടുത്തി. ധാരാളം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഈ സംവിധാനം ഉപകരിച്ചു. 1957 സെപ്തംബറില്‍ ശമ്പളപരിഷ്‌കരണക്കമ്മിറ്റിയെ നിയമിച്ചു. ശമ്പളപരിഷ്‌കരണം, ക്ഷാമബത്ത, വീട്ടുവാടക ബത്ത, ശമ്പള ഏകീകരണത്തിലെ അപാകതകള്‍ ഇവ കമ്മിറ്റിയുടെ പരിഗണനയില്‍ ഉള്‍പ്പെടുത്തി. ഈ കാലഘട്ടത്തില്‍ തന്നെ കേന്ദ്രത്തില്‍ രണ്ടാം ശമ്പളക്കമ്മീഷന്‍ നിലവില്‍ വന്നു. കേരളത്തില്‍ 1958 ജൂണ്‍ 23 ന് ശമ്പളം പരിഷ്‌കരിച്ച് ഉത്തരവിറക്കി. എല്‍.ഡി.സി മാരുടെ ശമ്പളം 40-120 ആയിരുന്നു. ജീവനക്കാര്‍ ഇതില്‍ തൃപ്തരായിരുന്നില്ല. സൂചനാപണിമുടക്കം തീരുമാനിക്കുന്നതിന് മുന്നോടിയായി ജീവനക്കാരില്‍ പണിമുടക്കു ബാലറ്റെടുക്കാന്‍ തീരുമാനിച്ചു. ഈ ഘട്ടത്തില്‍ സംഘടനകള്‍ തമ്മിലും സംഘടനകള്‍ക്കുള്ളിലും തര്‍ക്കങ്ങള്‍ ഉടലെടുത്തു. തിരുവിതാംകൂര്‍- മലബാര്‍ തര്‍ക്കവും ഉണ്ടായി. ബാലറ്റെടുപ്പ് പൂര്‍ണ്ണമായില്ല. ഈ സന്ദര്‍ഭത്തില്‍ ഒരു ഏകീകൃത സംഘടനാരൂപം ഉണ്ടാക്കുന്നതിനെക്കുറിച്ചുള്ള ആലോചനകള്‍ ശക്തമായി. അങ്ങനെ സെക്രട്ടറിയേറ്റിലെ സംഘടന ഉള്‍പ്പെടെ 14 സംഘടനകള്‍ ഒരുമിച്ചു ചേര്‍ന്ന് 1958 ഒക്‌ടോബര്‍ 22 - ന് വി.ജെ.റ്റി. ഹാളില്‍ കൂടി 'കേരള സര്‍വീസ് സംഘടനാഫെഡറേഷന്‍ 'രൂപീകരിക്കപ്പെട്ടു. ചെയര്‍മാനായി കെ.ചെല്ലപ്പന്‍പിള്ളയും സെക്രട്ടറി ജനറലായി ഇ.ജെ. ഫ്രാന്‍സിസും തെരഞ്ഞെടുക്കപ്പെട്ടു. ഇന്നത്തെ സര്‍വീസ് സംഘടനകളുടെ തുടക്കം ഇതാണെന്നു പറയാം. 1959 ആഗസ്റ്റില്‍ 'കേരള സര്‍വീസ് മാസിക' പ്രസിദ്ധീകരിച്ചു തുടങ്ങി. പെരുമ്പുഴ ഗോപാലകൃഷ്ണനായിരുന്നു എഡിറ്റര്‍. 1959 ജൂലൈ 31 -നു നിയമസഭയില്‍ ഭൂരിപക്ഷമുണ്ടായിരുന്ന കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ കേന്ദ്രം പിരിച്ചുവിട്ടു. ഇന്ത്യന്‍ ജനാധിപത്യത്തിനേറ്റ വന്‍തിരിച്ചടിയായിരുന്നു അത്. പാവപ്പെട്ട മനുഷ്യര്‍ക്ക് മുഴുവന്‍ അത് വേദനയായി. വിദ്യാഭ്യാസകച്ചവടം എന്നത്തേക്കുമായി അവസാനിപ്പിക്കാന്‍ കഴിയുമായിരുന്ന വിദ്യാഭ്യാസബില്‍ നടപ്പിലാകാതെ പോയി. തുടര്‍ന്നു നടന്ന തെരഞ്ഞെടുപ്പില്‍ ജാതിമതശക്തികളും ജന്മിമാരും നിക്ഷിപ്ത താല്‍പര്യക്കാരും കോണ്‍ഗ്രസ്സ് പാര്‍ട്ടിയും ഒരുമിച്ചു നിന്നു മത്സരിച്ചു .പട്ടം താണുപിള്ളയുടെ നേതൃത്വത്തില്‍ പുതിയ മന്ത്രിസഭ 1960 ഫെബ്രുവരി 22- ന് അധികാരമേറ്റു.

സര്‍വീസ് മേഖലയില്‍ ,സര്‍വീസ് സംഘടനാ ഫെഡറേഷന്‍ ഉണ്ടായി എങ്കിലും അതിന് ഏറെ മുന്നോട്ടുപോകാനായില്ല. കുറച്ചുകൂടി ശക്തമായ ഒരു സംഘടനാരൂപം ആവശ്യമാണെന്ന് ഫെഡറേഷന്‍ നേതാക്കന്മാരില്‍ തന്നെ ധാരണയുണ്ടായി. അന്ന് നിലവിലിരുന്ന മറ്റ് സംഘടനകളുമായി കൂടിയാലോചന നടത്തി. 1961 ഫെബ്രുവരി 18,19 തീയതികളില്‍ 36 സംഘടനകളുടെ സംയുക്ത കണ്‍വന്‍ഷന്‍ തിരുവനന്തപുരത്ത് വി.ജെ.റ്റി. ഹാളില്‍ ചേരാന്‍ തീരുമാനിച്ചു. കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയപാര്‍ട്ടി നേതാക്കളെ പൊതുസമ്മേളനത്തില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചു. എം.എന്‍. ഗോവിന്ദന്‍നായര്‍ (സി.പി.ഐ), സി.കെ. ഗോവിന്ദന്‍നായര്‍ (കോണ്‍ഗ്രസ്സ് ), എന്‍.ശ്രീകണ്ഠന്‍നായര്‍ (ആര്‍.എസ്.പി ), സി.എച്ച്. മുഹമ്മദ്‌കോയ (മുസ്‌ലിം ലീഗ്) ,എന്നിവര്‍ പങ്കെടുക്കാന്‍ സമ്മതിച്ചു. കണ്‍വന്‍ഷന്‍ വിളിച്ചുകൂട്ടിയവര്‍ക്ക് പ്രത്യേക രാഷ്ട്രീയ താല്പര്യം ഇല്ലായിരുന്നു എന്ന് ഇത് വ്യക്തമാക്കുന്നു.

സര്‍ക്കാര്‍ ജീവനക്കാര്‍ റോഡിലിറങ്ങി മുദ്രാവാക്യം വിളിക്കുന്ന കാര്യം അറിഞ്ഞ് മുഖ്യമന്ത്രി പട്ടം ക്രൂദ്ധനായി. പ്രകടനം നിരോധിച്ചു. പ്രകടനത്തില്‍ പങ്കെടുക്കുന്നവര്‍ക്കെതിരെ പിരിച്ചുവിടല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കി. സമ്മേളനം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയെ ചുമതലപ്പെടുത്തി. രൂക്ഷമായ ചര്‍ച്ച നടന്നു. പ്രകടനം നടത്തണമെന്ന് ഉശിരന്മാരായ ചെറുപ്പക്കാര്‍ വാശി പിടിച്ചു. നേരം വെളുക്കുവോളം യോഗം നീണ്ടുപോയി. ഒടുവില്‍ പ്രകടനം ഒഴിവാക്കി. മുഴുവന്‍ ജീവനക്കാരും കറുത്ത ബാഡ്ജ് ധരിച്ച് സമ്മേളനത്തിനെത്തുകയും അവിടെ കരിങ്കൊടി ഉയര്‍ത്തുകയും ചെയ്തു. സമ്മേളനം 9 പ്രമേയങ്ങള്‍ അംഗീകരിച്ചു. ശമ്പളക്കമ്മീഷനെ നിയമിക്കുക, 15 രൂപ ഇടക്കാലാശ്വാസം അനുവദിക്കുക, വീട്ടുവാടക അലവന്‍സ് അനുവദിക്കുക, ക്ഷാമബത്ത ശമ്പളത്തില്‍ ലയിപ്പിക്കുക, വിലക്കയറ്റം കുറയ്ക്കുക എന്നിവ അതില്‍ ഉള്‍പ്പെടുന്നു. സമ്മേളനം മറ്റൊരു സുപ്രധാനമായ തീരുമാനവും കൈക്കൊണ്ടു. ഭാവിയില്‍ കേരളത്തിലെ ജീവനക്കാരുടെ സംഘടനാരൂപം എങ്ങനെയായിരിക്കണം എന്നു പഠിച്ചു റിപ്പോര്‍ട്ടു നല്‍കാന്‍ കെ.എം. മദനമോഹന്‍ അദ്ധ്യക്ഷനും കെ.ചെല്ലപ്പന്‍പിള്ള, സി.എം. കോശി, എം.പി.കുര്യന്‍, ഇ.ജെ.ഫ്രാന്‍സിസ്, പി.ഗോവിന്ദന്‍നായര്‍, എ. രാധാകൃഷ്ണന്‍നായര്‍ എന്നിവര്‍ അംഗങ്ങളായുള്ള ഒരു കമ്മിറ്റി രൂപീകരിച്ചു.

1962 മാര്‍ച്ചില്‍ കെ.എം. മദനമോഹനന്‍ കമ്മിറ്റി റിപ്പോര്‍ട്ടു നല്‍കി. സര്‍വീസിലെ ലാസ്റ്റ് ഗ്രേഡ് വിഭാഗങ്ങളില്‍ വരുന്നവര്‍, അദ്ധ്യാപക വിഭാഗത്തില്‍ വരുന്നവര്‍ ഈ രണ്ടു വിഭാഗത്തിലുംപെടാത്ത എന്‍.ജി.ഒ മാര്‍ - ഇവര്‍ക്കുവേണ്ടി മൂന്നു സംഘടനകള്‍ രൂപീകരിക്കണമെന്നും ഈ മൂന്നു സംഘടനകളുടെ പ്രവര്‍ത്തനങ്ങളെ കോര്‍ത്തിണക്കുന്ന ഒരു ഫെഡറേഷന്‍ രൂപീകരിക്കണമെന്നും മദനമോഹനന്‍ കമ്മിറ്റി റിപ്പോര്‍ട്ടു നല്‍കി. ഈ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ 1962 ഒക്‌ടോബര്‍ 27,28 തീയതികളില്‍ തൃശൂരില്‍ വച്ചാണ് കേരള എന്‍.ജി.ഒ യൂണിയന്‍ ഉണ്ടാകുന്നത്. കെ.എം. മദനമോഹനനെ പ്രസിഡന്റായും എ.രാധാകൃഷ്ണന്‍ നായരെ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുത്തു. ഇ.ജെ.ഫ്രാന്‍സിസ് ആയിരുന്നു ജോയിന്റ് സെക്രട്ടറി. 135 അംഗസംസ്ഥാന കൗണ്‍സിലിനെയും സമ്മേളനം തെരഞ്ഞെടുത്തു. 64 ജനുവരി 11- ന് കേരള ലോവര്‍ ഗ്രേഡ് സര്‍വന്റസ് അസോസിയേഷന്‍ രൂപീകരിക്കപ്പെട്ടു. സര്‍ക്കാര്‍ സ്വകാര്യ മേഖലകളിലായി നിരവധി അദ്ധ്യാപക സംഘടനകളും ഈ കാലഘട്ടത്തില്‍ രൂപം കൊള്ളുകയും ശക്തിപ്രാപിക്കുകയും ചെയ്തു.

1962 ഒക്‌ടോബര്‍ 20- ന് ഇന്ത്യാ- ചൈന യുദ്ധമാരംഭിച്ചതും രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടതും കേരളത്തിലെ സിവില്‍ സര്‍വീസിലും ചലനങ്ങള്‍ സൃഷ്ടിച്ചിരുന്നു. എങ്കിലും പുതുതായി രൂപംകൊണ്ട സംഘടന ജീവനക്കാര്‍ക്കിടയില്‍ നല്ല രീതിയില്‍ വേരുറപ്പിച്ചു. 64 മേയ് മാസത്തില്‍ ആലപ്പുഴയില്‍ വച്ചു നടന്ന സമ്മേളനം കെ. ചെല്ലപ്പന്‍പിള്ളയെ സെക്രട്ടറിയായി തെരഞ്ഞെടുത്തു. അന്ന് കേരളത്തില്‍ രാഷ്ട്രപതി ഭരണമായിരുന്നെങ്കിലും ശമ്പളപരിഷ്‌കരണം, ഇടക്കാലാശ്വാസം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് പണിമുടക്കം നടത്താന്‍ യൂണിയന്‍ തീരുമാനിച്ചു. അതിനു മുന്നോടിയായി ജീവനക്കാര്‍ക്കിടയില്‍ പണിമുടക്ക് ബാലറ്റ് നടത്തി. 89% ജീവനക്കാര്‍ പണിമുടക്കിന് അനുകൂലമായിരുന്നു. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ 7 രൂപ 50 പൈസ മുതല്‍ 15 രൂപവരെ ഇടക്കാലാശ്വാസം പ്രഖ്യാപിക്കുകയുണ്ടായി. ഫെബ്രുവരി 13 ന് ചേര്‍ന്ന എന്‍.ജി.ഒ യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗീകരിച്ച പ്രമേയം ഇപ്രകാരമായിരുന്നു. '' കേന്ദ്രശമ്പളത്തോത് കേരളത്തിലും അനുവദിക്കുക, ശമ്പള കമ്മീഷനെ നിയമിക്കുക, 25 രൂപ ഇടക്കാലാശ്വാസം അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ അംഗീകരിക്കാത്ത സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിക്കുന്നു. എന്നാല്‍ തെരഞ്ഞെടുപ്പിന്‍റെ സാഹചര്യമായതിനാല്‍ പണിമുടക്കം മാറ്റിവയ്ക്കുന്നു.'' 65 ഫെബ്രുവരി 27 ന് കെ. എം. ഉണ്ണിത്താന്‍ ചെയര്‍മാനായി ശമ്പളകമ്മീഷനെ നിയമിച്ചു.

1964 -ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഉണ്ടായ പിളര്‍പ്പ് തൊഴിലിലെടുക്കുന്നവര്‍ക്കാകെയും പാവപ്പെട്ട മനുഷ്യര്‍ക്ക് പ്രത്യേകിച്ചും ദുരന്തം വിതക്കുന്നതായിരുന്നു. സി.പി.ഐ. എന്ന കരുത്തുനേടിക്കൊണ്ടിരുന്ന പ്രസ്ഥാനത്തില്‍ നിന്നും കുറെ നേതാക്കന്മാര്‍ രാജിവച്ച് പുറത്തുവരികയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ ( മാര്‍ക്‌സിസ്റ്റ് ) എന്ന പുതിയ പാര്‍ട്ടിയ്ക്ക് രൂപം നല്‍കുകയും ചെയ്തു. പിളര്‍പ്പിന്‍റെ വമ്പിച്ച അലയൊലി കേരളത്തിലും ഉണ്ടായി. ഉരുക്കുകോട്ടപോലെ ഒരുമിച്ചു നിന്നവര്‍ രണ്ടായി വേര്‍തിരിഞ്ഞു പോകുന്ന കാഴ്ച വേദനാജനകമായിരുന്നു എന്ന് പല ചരിത്രകാരന്മാരും രേഖപ്പെടുത്തിയിട്ടുണ്ട്. രണ്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളോടും അനുഭാവമുള്ളവര്‍ എന്‍.ജി.യൂണിയനില്‍ ഉണ്ടായിരുന്നുവെങ്കിലും സംഘടനയില്‍ ഒരുവിധ ഭിന്നിപ്പും ഉണ്ടാകാതിരിക്കാന്‍ നേതൃത്വം കരുതലോടെ നീങ്ങി.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഉണ്ടായ ഭിന്നിപ്പിനെ തുടര്‍ന്നുള്ള കാലഘട്ടത്തില്‍, 1965 മാര്‍ച്ച് മാസത്തില്‍ കേരള നിയമസഭയിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ സി.പി. ഐ. സി.പി.എം ,കോണ്‍ഗ്രസ്സ് തുടങ്ങി എല്ലാ പാര്‍ട്ടികളും ഒറ്റക്കൊറ്റക്ക് മത്സരിച്ചു. ആര്‍ക്കും ഭൂരിപക്ഷം കിട്ടിയില്ല. ആര്‍ക്കും മന്ത്രിസഭ ഉണ്ടാക്കാനും കഴിഞ്ഞില്ല. തെരഞ്ഞെടുപ്പില്‍ ജയിച്ചവര്‍ക്ക് ഒരു ദിവസം പോലും എം.എല്‍.എ ആയി പ്രവര്‍ത്തിക്കാനുള്ള അവസരം പോലും നല്‍കാതെ നിയമസഭ പിരിച്ചുവിടുകയും സംസ്ഥാനത്ത് വീണ്ടും രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുകയും ചെയ്തു.

ഉണ്ണിത്താന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ 1966 - ല്‍ നടന്ന ശമ്പള പരിഷ്‌കരണം നിരാശാജനകമായിരുന്നു. രണ്ടു രൂപയുടെ ആനുകൂല്യം മാത്രമാണു ഭൂരിപക്ഷം പേര്‍ക്കും കിട്ടിയത്. ഇതില്‍ പ്രതിഷേധിച്ച് പണിമുടക്കാന്‍ സംഘടനകള്‍ തീരുമാനിച്ചു. തുടര്‍ന്ന് ഗവര്‍ണര്‍ സംഘടനാ നേതാക്കന്മാരുമായി ചര്‍ച്ച നടത്തുകയും ചെറിയ മാറ്റങ്ങള്‍ വരുത്തുകയും ചെയ്ത സാഹചര്യത്തില്‍ പണിമുടക്കം തല്‍ക്കാലം മാറ്റിവച്ചു.

1966 ഫെബ്രുവരിയില്‍ കോട്ടയത്ത് റവന്യൂവകുപ്പില്‍ വലിയ സമരം നടന്നു. അവിടെ കളക്ടറായിരുന്ന എസ്. ഗോപാലന്‍ ജീവനക്കാരോട് ക്രൂരമായി പെരുമാറി. രാത്രിയിലും പകലും തുടര്‍ച്ചയായി ജീവനക്കാരെ ഡ്യൂട്ടിക്ക് നിയമിച്ചു. പേഴ്‌സണല്‍ രജിസ്റ്ററില്‍ തപാല്‍ ചേര്‍ത്ത തീയതിയില്‍ വ്യത്യാസം വന്നതിന് ജീവനക്കാരെ പിരിച്ചുവിടുന്ന നടപടിവരെ സ്വീകരിച്ചു. ഇതിനെതിരെ സി.എ. രാജേന്ദ്രന്‍റെ നേതൃത്വത്തില്‍ ജീവനക്കാര്‍ വന്‍ പ്രതിഷേധമുയര്‍ത്തി. പ്രതിഷേധത്തില്‍ പങ്കെടുത്തവരെ മുഴുവന്‍ സസ്‌പെന്റ് ചെയ്യുകയോ ദൂരെ സ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റുകയോ ചെയ്തു. (ഇടുക്കി അന്ന് കോട്ടയം ജില്ലയുടെ ഭാഗമായിരുന്നു. ) ഇതിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം ഉയര്‍ന്നുവന്നപ്പോള്‍ ഗവണ്‍മെന്റ് ഇടപെടുകയും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുകയും സമരം ഒത്തുതീര്‍പ്പിലെത്തിക്കുകയും ചെയ്തു.

1966 ജൂണില്‍ സമരങ്ങളെ നേരിടാന്‍ ഗവര്‍ണര്‍ ഭരണം ശക്തമായ നടപടികള്‍ സ്വീകരിച്ചു. കെ.എസ്.ആര്‍. ഭേദഗതി ചെയ്ത് 14 എ വകുപ്പ് അതില്‍ ഉള്‍പ്പെടുത്തി. സമരം നടത്തുന്നത് സര്‍വീസ് ബ്രേക്ക് ആയി പരിഗണിക്കാന്‍ വ്യവസ്ഥ ചെയ്തു. ആ വര്‍ഷം നടന്ന യൂണിയന്‍ സമ്മേളനം പ്രസിഡന്റായി ഇ.ജെ. ഫ്രാന്‍സിസിനെയും ജനറല്‍ സെക്രട്ടറിയായി ഇ. പത്മനാഭനെയും തെരഞ്ഞെടുത്തു.

ശമ്പള പരിഷ്‌കരണത്തിലെ അപാകതകള്‍ പരിഹരിക്കുക, കേന്ദ്രനിരക്കില്‍ ക്ഷാമബത്ത അനുവദിക്കുക, അവകാശപത്രിക അംഗീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് 67 ജനുവരി 5 മുതല്‍ ജീവനക്കാര്‍ പണിമുടക്ക് ആരംഭിച്ചു. ഭൂരിപക്ഷം ജീവനക്കാര്‍ പണിമുടക്കി. ഇ.ജെ.ഫ്രാന്‍സിസ് ഉള്‍പ്പെടെയുള്ളവരെ സര്‍ക്കാര്‍ സസ്‌പെന്റു ചെയ്തു. 12-ാമത്തെ ദിവസം പണിമുടക്കം ഒത്തുതീര്‍പ്പിലെത്തി. പ്രധാന ഒത്തുതീര്‍പ്പു വ്യവസ്ഥകള്‍ താഴെ ചേര്‍ക്കുന്നു.

1. കേന്ദ്ര നിരക്കില്‍ ക്ഷാമബത്തയെ കുറിച്ച് പഠിക്കാന്‍ ഹൈക്കോടതി ജഡ്ജിയെ നിയമിക്കും.
2. മുന്‍ ശമ്പളപരിഷ്‌കരണത്തിലെ അപാകതകള്‍ പരിഹരിക്കാന്‍ ഒരു കമ്മിറ്റിയെ നിയമിക്കും.

1967 ഫെബ്രുവരിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ രണ്ടു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും ഒരുമിച്ചു നില്‍ക്കാന്‍ തീരുമാനിച്ചു. കോണ്‍ഗ്രസ്സ് ഒഴികെയുള്ള മറ്റ് രാഷ്ട്രീയ പാര്‍ട്ടികളെക്കൂടി ഉള്‍പ്പെടുത്തി സപ്തകക്ഷിമുന്നണി രൂപീകരിച്ചു. ഈ മുന്നണി വന്‍ ഭൂരിപക്ഷം നേടി. ഇ.എം.എസ് മുഖ്യമന്ത്രിയായി. കോണ്‍ഗ്രസ്സിന് 9 സീറ്റുകള്‍ മാത്രമേ ലഭിച്ചുള്ളു. കെ. കരുണാകരനായിരുന്നു കോണ്‍ഗ്രസ്സ് നേതാവ്. അപാകതകള്‍ പരിഹരിച്ച് ശമ്പളം പരിഷ്‌കരിക്കുവാന്‍ വേലായുധന്‍ കമ്മീഷനെ സര്‍ക്കാര്‍ നിയമിച്ചു. അതോടൊപ്പം തന്നെ സര്‍വീസ് ചട്ടങ്ങള്‍ പരിഷ്‌കരിക്കുന്നതിനുവേണ്ടി ആര്‍. ശങ്കരനാരായണന്‍ തമ്പി ചെയര്‍മാനും ജീവനക്കാരുടെ മൂന്ന് പ്രതിനിധികള്‍ അംഗങ്ങളുമായി ' റൂള്‍സ് റിവിഷന്‍ കമ്മിറ്റി' യെയും നിയമിച്ചു. എന്നാല്‍ ഗവര്‍ണര്‍ ഭരണം പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കാനെടുത്ത തീരുമാനം ഇ.എം.എസ് സര്‍ക്കാര്‍ റദ്ദാക്കി.

1967 ലെ കൊല്ലം സമ്മേളനകാലത്ത് എന്‍.ജി.ഒ യൂണിയനില്‍ ഉടലെടുത്ത അഭിപ്രായവ്യത്യാസങ്ങള്‍ 68- ലെ ബ്രാഞ്ച് -ജില്ലാ സമ്മേളനകാലത്തോടെ മൂര്‍ച്ഛിച്ചു. 1968 ജൂണ്‍ 8,9,10 തീയതികളില്‍ പാലക്കാട് നടന്ന സംസ്ഥാന സമ്മേളനത്തില്‍ വച്ച് ഇ. പത്മനാഭന്‍റെ നേതൃത്വത്തിലുളള വിഭാഗം രാഷ്ട്രീയ ലക്ഷ്യത്തോടെ പക്ഷപാതപരമായ നിലപാട് സ്വീകരിച്ചു. ഇ.ജെ. ഫ്രാന്‍സിസ് ഉള്‍പ്പെടെയുള്ള നേതാക്കളെ നേതൃത്വത്തില്‍ നിന്ന് പുറത്താക്കി. ഇതോടെ സര്‍വ്വീസ് രംഗം കലുഷിതമായി. സര്‍ക്കാരിന്‍റെ സകല നിലപാടുകളോടും വിധേയത്വ പൂര്‍ണ്ണമായ നിലപാട് എന്‍.ജി.ഒ യുണയിന്‍ നേതൃത്വം സ്വീകരിച്ചു.

1967 -ല്‍ ഇ.എം.എസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ മുതല്‍ തന്നെ, എന്‍. ജി.ഒ യൂണിയന്‍ കമ്മിറ്റികളില്‍ സി.പി.എം. അനുഭാവികളെ കുത്തിനിറക്കുന്നതിനുള്ള ബോധപൂര്‍വ്വമായ പരിശ്രമം തുടങ്ങിയിരുന്നു. മറ്റേതെങ്കിലും സംഘടന നടത്തുന്ന സമരങ്ങളോട് ഇവര്‍ വല്ലാത്ത അസഹിഷ്ണുത പ്രകടിപ്പിച്ചു. സര്‍വെ ജീവനക്കാരും എഞ്ചിനീയറിംഗ് ജീവനക്കാരും സെക്രട്ടറിയേറ്റിനു മുന്നില്‍ നടത്തിയ സമരപന്തല്‍ ഇവര്‍ തീയിട്ടു. പലരെയും ശാരീരികമായി നേരിട്ടു. ഇ.എം.എസ് സര്‍ക്കാരിനെതിരെ ആരും ശബ്ദിച്ചുകൂടാ, സമരം നടത്തികൂടാ എന്ന ധാര്‍ഷ്ട്യപൂര്‍ണ്ണമായ സമീപനം നാള്‍ക്കുനാള്‍ ശക്തിപ്പെട്ടു. സംഘടനക്കുള്ളില്‍ ഇത് സംഘര്‍ഷം വളര്‍ത്തി. വേലായുധന്‍ കമ്മീഷന്‍ നല്‍കിയ റിപ്പോര്‍ട്ട് ജീവനക്കാരെ തീര്‍ത്തും നിരാശപ്പെടുത്തുന്നതായിരുന്നു. ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍ക്ക് ഒരു രൂപയും എന്‍.ജി.ഒ മാര്‍ക്ക് രണ്ട് രൂപയും ഗസറ്റഡ് ആഫീസര്‍മാര്‍ക്ക് മൂന്നുരൂപയും ആയിരുന്നു കമ്മീഷന്‍ വര്‍ദ്ധനവായി ശുപാര്‍ശ ചെയ്തത്. അലവന്‍സുകള്‍ നിര്‍ത്തലാക്കാനും കാഷ്വല്‍ ലീവ് കുറയ്ക്കാനും അടക്കം നിലവിലുള്ള നിരവധി ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കാനുള്ള ശുപാര്‍ശ ആര്‍ക്കും സ്വീകരിക്കാന്‍ കഴിയുമായിരുന്നില്ല. ഈ സന്ദര്‍ഭത്തില്‍ 1968 ആഗസ്റ്റ് 23 ന് കൂടിയ എന്‍.ജി.ഒ യൂണിയന്‍ സംസ്ഥാന കൗണ്‍സിലില്‍ രൂക്ഷമായ അഭിപ്രായ വ്യത്യാസമുണ്ടായി. പലരും വേലായുധന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ വിമര്‍ശിക്കുകയും ഈ റിപ്പോര്‍ട്ട് തളളിക്കളയുവാന്‍ പ്രക്ഷോഭം നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. സമരം അത്യാവശ്യമാണെങ്കില്‍ ശമ്പളകമ്മീഷനെതിരെ സമരം ചെയ്യാമെന്ന് ഇ. പത്മനാഭന്‍ നിര്‍ദ്ദേശിച്ചു. 1969 മാര്‍ച്ച് 6 മുതല്‍ 15 വരെ ശമ്പളകമ്മീഷന്‍ ആഫീസിനു മുന്നില്‍ സത്യാഗ്രഹം നടത്താന്‍ കമ്മിറ്റി തീരുമാനിച്ചു. ഈ തീരുമാനത്തില്‍ യൂണിയന്‍റെ മഹാഭൂരിപക്ഷം പ്രവര്‍ത്തകരും അനുഭാവികളും നിരാശരായി.

ഈ സന്ദര്‍ഭത്തിലാണ് 1969 ജനുവരി 5- ന് വിവിധ ഡിപ്പാര്‍ട്ടുമെന്റ്- കാറ്റഗറി സംഘടനകളുടെ സംയുക്തയോഗം തിരുവനന്തപുരത്ത് ചേര്‍ന്ന് ജോയിന്റ് കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് സര്‍വീസ് ഓര്‍ഗനൈസേഷന്‍സ് എന്ന സംഘടനയ്ക്ക് രൂപം നല്‍കുന്നത്. സെക്രട്ടറിയേറ്റ് അസോസിയേഷന്‍ നേതാവ് ആര്‍. ലക്ഷ്മണയ്യര്‍ ആണ് യോഗം വിളിച്ചു ചേര്‍ത്തത്. അന്ന് രൂപം നല്‍കിയ അഡ്‌ഹോക് കമ്മിറ്റിയുടെ ചെയര്‍മാന്‍ കെ.എം. മദനമോഹനന്‍ ആയിരുന്നു. അഡ്‌ഹോക് കമ്മിറ്റി അന്ന് വളരെ സുപ്രധാനമായ ഒരു തീരുമാനം പ്രഖ്യാപിച്ചു.'വേലായുധന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് തള്ളിക്കളയണമെന്നാവശ്യപ്പെട്ട് മാര്‍ച്ച് 22- ന് ഒരു ദിവസത്തെ പണിമുടക്കം നടത്തും 'എന്നതായിരുന്നു അത്. തുടര്‍ന്ന് ആവേശത്തിന്‍റെ ദിവസങ്ങളായിരുന്നു. പണിമുടക്കത്തിന്‍റെ പ്രചരണ പ്രവര്‍ത്തനത്തില്‍ ജീവനക്കാര്‍ കൂട്ടത്തോടെ അണിനിരക്കാന്‍ തുടങ്ങി. ഭരണസ്വാധീനം ഉപയോഗിച്ചുള്ള യൂണിയന്‍റെ ഭീഷണിയെ ജീവനക്കാര്‍ തെല്ലും വകവച്ചില്ല. ജോയിന്റ് കൗണ്‍സിലിന്‍റെയും എന്‍.ജി.ഒ യൂണിയന്‍റെയും ശക്തി തെളിയിക്കപ്പെടാന്‍ പോകുന്ന സമരമാണ് മാര്‍ച്ച് 22- ന് നടക്കുന്നതെന്ന ധാരണ എവിടെയും പരന്നു. മാധ്യമങ്ങളില്‍ നിറയെ സമരപ്രചാരണ വാര്‍ത്തകളായിരുന്നു. പണിമുടക്കത്തില്‍ മഹാഭൂരിപക്ഷം ജീവനക്കാരും പങ്കെടുക്കുമെന്ന് എന്‍. ജി.ഒ യൂണിയന്‍ നേതൃത്വത്തിന് ബോദ്ധ്യപ്പെട്ടു. അവര്‍ അടിയന്തിര സംസ്ഥാന കമ്മിറ്റി കൂടി ഒരു ' പൊടിക്കൈ' പ്രയോഗിക്കാന്‍ തീരുമാനിച്ചു. ജോയിന്റ് കൗണ്‍സില്‍ ഒരു ദിവസത്തെ പണിമുടക്കം പ്രഖ്യാപിച്ചിരിക്കുന്ന അതേ ദിവസം എന്‍.ജി.ഒ യൂണിയന്‍ രാവിലെ 10 മണിമുതല്‍ 12 മണിവരെ, രണ്ടുമണിക്കൂര്‍ ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് പ്രഖ്യാപിച്ചു. ജീവനക്കാര്‍ക്കിടയില്‍ അസാധാരണമായ മാനസിക പിരിമുറുക്കമായിരുന്നു. 22-ന് മഹാഭൂരിപക്ഷം ജീവനക്കാരും ഒരു ദിവസം പൂര്‍ണ്ണമായി പണിമുടക്കി. എന്നാല്‍ യൂണിയന്‍ പ്രവര്‍ത്തകര്‍ 12 മണിക്ക് മുദ്രാവാക്യം വിളിച്ചുകൊണ്ട് ആഫീസുകളില്‍ കയറി. പല ആഫീസുകളിലും ഇത് സംഘര്‍ഷത്തിന് വഴിവെച്ചു. സംസ്ഥാന വ്യാപകമായി സര്‍ക്കാര്‍ ആഫീസുകളില്‍ സംഘട്ടനം നടന്നു. പൂര്‍ണ്ണദിനപണിമുടക്കം വിജയിച്ചു എന്ന് മിക്ക പത്രങ്ങളും പിറ്റേദിവസം റിപ്പോര്‍ട്ടു ചെയ്തു.

1969 - മേയ് 10,11,12 തീയതികളില്‍ തിരുവനന്തപുരം വി.ജെ.റ്റി ഹാളിലാണ് ജോയിന്റ് കൗണ്‍സിലിന്‍റെ രൂപവല്‍കരണ സമ്മേളനം നടക്കുന്നത്. സമ്മേളനം ഇ.ജെ. ഫ്രാന്‍സിസിനെ ചെയര്‍മാനായും കെ.എന്‍.രാമനെ ജനറല്‍സെക്രട്ടറിയായും തെരഞ്ഞെടുത്തു. സി.എ. രാജേന്ദ്രന്‍, ടി. സി.ഗോവിന്ദന്‍ നമ്പ്യാര്‍, എം.കെ. എന്‍. ചെട്ടിയാര്‍ എന്നിവരും നേതൃനിരയിലുണ്ടായിരുന്നു. 47 അംഗസംഘടനകള്‍ സമ്മേളത്തില്‍ പങ്കെടുത്തിരുന്നു. തുടര്‍ന്ന് എല്ലാ ജില്ലകളിലും ചിട്ടയായ പ്രവര്‍ത്തനം നടന്നു. വിപുലമായ രീതിയില്‍ കണ്‍വന്‍ഷനുകള്‍ നടന്നു. ഫലപ്രദമായ രീതിയില്‍ ജില്ലാ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു തുടങ്ങി. എന്‍.ജി.ഒ യൂണിയന്‍റെ നിശബ്ദതക്കെതിരെ ഭൂരിപക്ഷം ജീവനക്കാരും പ്രതികരിക്കാന്‍ തുടങ്ങി. ഇവര്‍ ജീവനക്കാരുടെ ആവശ്യങ്ങള്‍ അടിയറ വയ്ക്കുകയാണെന്ന തിരിച്ചറിവ് കൂടുതല്‍ ജീവനക്കാരില്‍ ഉണ്ടായിക്കൊണ്ടിരുന്നു.

ജീവനക്കാരുടെ ഈ വികാരത്തെ കണ്ടില്ലെന്ന് നടിക്കുവാന്‍ എന്‍. ജി.ഒ യൂണിയന് കഴിഞ്ഞില്ല. ജോയിന്റ് കൗണ്‍സില്‍ നേതാവ് മദനമോഹനന്‍ നടത്തിയ സംസ്ഥാന വാഹനജാഥയ്ക്ക് ബദലായി ഇ.പത്മനാഭന്‍റെ നേതൃത്വത്തില്‍ 69 ആഗസ്റ്റില്‍ ജാഥയും മറ്റു പലപ്രചരണ പരിപാടികളും അരങ്ങേറി. ജൂലൈ -22 ന്‍റെ തീരുമാനപ്രകാരം എന്‍.ജി.ഒ യൂണിയന്‍ സംസ്ഥാനകമ്മിറ്റി ജില്ലാ- താലൂക്ക് സമരപ്രചരണ ജാഥയും സംസ്ഥാന ജാഥയും നടത്തി. തുടര്‍ന്നുള്ള സമര പരിപാടികള്‍ നിര്‍ത്തിവയ്ക്കാന്‍ 1969 സെപ്റ്റംബര്‍ 13- ന് ചേര്‍ന്ന എന്‍.ജി.ഒ യൂണിയന്‍ സംസ്ഥാന കമ്മിറ്റി നിശ്ചയിച്ചു. സംസ്ഥാനത്ത് രാഷ്ട്രീയ അനിശ്ചിതത്വം നിലനില്‍ക്കുന്നതിനാല്‍ സമരം യുക്തിസഹമല്ലെന്നവര്‍ പ്രഖ്യാപിച്ചു. ഇ.എം.എസ് സര്‍ക്കാരിനെതിരെ പണിമുടക്കാനുള്ള വിമുഖതയാണ് അവരെ നയിച്ചത്.

ജോയിന്റ് കൗണ്‍സില്‍ ഉണര്‍ന്നു തന്നെ പ്രവര്‍ത്തിച്ചു. വേലായുധന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് തള്ളിക്കളയണമെന്ന ആവശ്യത്തില്‍ സംഘടന ഉറച്ചു നിന്നു. കൂടുതല്‍ ശക്തമായ പ്രക്ഷോഭത്തിന് കൗണ്‍സില്‍ തയ്യാറായി. 1969 നവംബര്‍ 5 ന് സൂചനാ പണിമുടക്കം നടത്താനും 12 മുതല്‍ അനിശ്ചിതകാല പണിമുടക്കം നടത്താനും തീരുമാനിച്ചു. സര്‍ക്കാര്‍ ആഫീസുകളുടെ പ്രവര്‍ത്തനമാകെ നിശ്ചലമാക്കുവാന്‍ കഴിയുന്ന തരത്തിലുള്ള അതിശക്തമായ പ്രചരണ പ്രവര്‍ത്തനമാണ് ജോയിന്റ് കൗണ്‍സില്‍ നടത്തിയത്. എന്നാല്‍ എന്‍.ജി. ഒ യൂണിയന്‍ നേതൃത്വം പണിമുടക്കത്തിനെതിരെ തുടര്‍ച്ചയായുള്ള പ്രചരണം ആരംഭിച്ചു. സര്‍ക്കാരിനെ കണ്ണിലെ കൃഷ്ണമണിപോലെ സംരക്ഷിക്കുകയാണ് എന്‍.ജി.ഒ യൂണിയന്‍റെ മുഖ്യകടമയെന്ന് യൂണിയന്‍ ജനറല്‍ സെക്രട്ടറി ഇ. പത്മനാഭന്‍ പരസ്യമായി പ്രഖ്യാപിച്ചു. ഇതിനിടയില്‍ സപ്തകക്ഷി മുന്നണിയിലെ ഭിന്നിപ്പ് നാള്‍ക്കുനാള്‍ രൂക്ഷമായിക്കൊണ്ടിരുന്നു. സി.പി. ഐ മന്ത്രിമാര്‍ക്കെതിരെ ഇ.എം.എസ് പരസ്യമായ നിലപാടെടുത്തു. മന്ത്രിസഭയുടെ പ്രവര്‍ത്തനം സ്തംഭനാവസ്ഥയിലായി. ഒടുവില്‍ ഇ.എം.എസ് മന്ത്രിസഭ രാജിവച്ചു.

പുതിയ ഒരു മന്ത്രിസഭയ്ക്കുവേണ്ടിയുള്ള തിരക്കിട്ട ആലോചനകള്‍ വിവിധ തലങ്ങളില്‍ ആരംഭിച്ചു. ഒടുവില്‍ സി.പി.ഐ തീരുമാനിച്ചത്, രാജ്യസഭയില്‍ അംഗമായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന സി.അച്യുതമേനോന്‍ മുഖ്യമന്ത്രിയാകണം എന്നാണ്. 1969 നവംബര്‍ 1 -ന് സി. അച്യുതമേനോന്‍ മുഖ്യമന്ത്രിയായി ചുമതല ഏറ്റെടുത്തു. നവംബര്‍ 1 ന് അച്യുതമേനോന്‍ മുഖ്യമന്ത്രിയാകുമ്പോള്‍, നവംബര്‍ 5-ന് സൂചനാപണിമുടക്കവും 12 മുതല്‍ അനിശ്ചിതകാല പണിമുടക്കവും നടത്തുമെന്നുള്ള ജോയിന്റ് കൗണ്‍സില്‍ പ്രഖ്യാപനം നിലവിലുണ്ടായിരുന്നു. ഭരണമാറ്റം ഉണ്ടായതിനെത്തുടര്‍ന്ന് ഭാവികാര്യങ്ങള്‍ തീരുമാനിക്കാനായി, അടിയന്തിരമായി ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി കൂടി. ദീര്‍ഘമായ ചര്‍ച്ചയ്ക്കുശേഷം കൗണ്‍സില്‍ പ്രഖ്യാപിച്ചു.''സി.പി.എം നേതാവായിരുന്ന ഇ.എം.എസ് മുഖ്യമന്ത്രി സ്ഥാനം ഒഴിയുകയും സി.പി.ഐ നേതാവ് സി.അച്യുതമേനോന്‍ മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുകയും ചെയ്തിരിക്കുന്നു. എന്നാല്‍ ജീവനക്കാരുടെ ന്യായമായ ആവശ്യത്തിന്‍മേല്‍ വിട്ടുവീഴ്ച ചെയ്യാന്‍ സംഘടന തയ്യാറല്ല. നേരത്തെ പ്രഖ്യാപിച്ചിട്ടുള്ളതുപോലെ 5- ന് സൂചനാപണിമുടക്കവും 12 മുതല്‍ അനിശ്ചിതകാലപണിമുടക്കവും നടത്തും.'' ഈ പ്രഖ്യാപനം ജീവനക്കാര്‍ ഒന്നടങ്കം ആവേശത്തോടെയാണ് സ്വാഗതം ചെയ്തത്. പണിമുടക്കു പ്രവര്‍ത്തനം കൂടുതല്‍ ശക്തമായി. മഹാഭൂരിപക്ഷം ജീവനക്കാരും ജോയിന്റ് കൗണ്‍സില്‍ ഒറ്റയ്ക്കു നടത്തുന്ന പണിമുടക്കത്തില്‍ പങ്കെടുക്കുമെന്ന് ഉറപ്പായി.

അച്യുതമേനോന്‍ സര്‍ക്കാര്‍ അവസരത്തിനൊത്തുയര്‍ന്ന് പണിമുടക്കത്തിന്‍റെ തലേദിവസമായ 4-ാം തീയതി സമരസമിതി നേതാക്കളെ ചര്‍ച്ചയ്ക്കു വിളിച്ചു. ഓരോ ആവശ്യത്തിന്മേലും വിശദമായ ചര്‍ച്ച നടന്നു. വേലായുധന്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരുന്ന ഒരു രൂപയുടെ മിനിമം ആനുകൂല്യം 5 രൂപയായും 2രൂപ 6 രൂപയായും 3 രൂപ 7 രൂപയായും വര്‍ദ്ധിപ്പിച്ചു. ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കാനുള്ള ശുപാര്‍ശകള്‍ തള്ളിക്കളഞ്ഞു. കാഷ്വല്‍ ലീവ് കുറയ്ക്കുന്ന തീരുമാനം റദ്ദ് ചെയ്തു. സര്‍വെ, എഞ്ചിനിയറിംഗ് വിഭാഗം ജീവനക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു. ജീവനക്കാര്‍ ഉന്നയിച്ച മിക്കവാറും ആവശ്യങ്ങള്‍ അംഗീകരിച്ച സാഹചര്യത്തില്‍ സൂചനാപണിമുടക്കവും അനിശ്ചിതകാലപണിമുടക്കവും പിന്‍വലിക്കാന്‍ ജോയിന്റ് കൗണ്‍സില്‍ തീരുമാനിച്ചു. ജീവനക്കാര്‍ക്കിടയില്‍ ജോയിന്റ് കൗണ്‍സിലിന്‍റെ സ്വാധീനം കൂടുതല്‍ വര്‍ദ്ധിക്കാന്‍ ഇത് വഴി തെളിച്ചു. ഒത്തു തീര്‍പ്പിന്‍റെ അടിസ്ഥാനത്തില്‍ 27.11.69 ന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു.

1970 ആഗസ്റ്റ് 1 -ന് സി. അച്യുതമേനോന്‍ മന്ത്രിസഭ രാജിവയ്ക്കുകയും വൈകാതെ തെരഞ്ഞെടുപ്പ് നടത്തുകയും ചെയ്തു. ഒക്‌ടോബര്‍ 4 ന് അദ്ദേഹം തന്നെ വീണ്ടും മുഖ്യമന്ത്രിയായി ചുമതലയേറ്റു. 1970 -ല്‍ കേന്ദ്രത്തില്‍ മൂന്നാം ശമ്പള കമ്മീഷന്‍ നിലവില്‍ വന്നു. മാത്രവുമല്ല കേന്ദ്ര ജീവനക്കാര്‍ക്ക് 15 രൂപമുതല്‍ 45 രൂപവരെ ഇടക്കാലാശ്വാസം അനുവദിക്കുകയും ചെയ്തു. ഈ തീരുമാനം വന്ന ഉടന്‍ തന്നെ കേരളത്തിലെ ജീവനക്കാര്‍ക്കും ഇടക്കാലാശ്വാസം അനുവദിക്കണമെന്ന് ജോയിന്റ് കൗണ്‍സില്‍ ആവശ്യപ്പെട്ടു. മാസങ്ങള്‍ കഴിഞ്ഞിട്ടും അനുകൂല തീരുമാനമുണ്ടായില്ല. തുടര്‍ന്ന് ഈ ആവശ്യത്തിനുവേണ്ടി പണിമുടക്കാന്‍ തയ്യാറായി. എല്ലാ സംഘടനകളും യോജിച്ച് സമരസമിതി രൂപവല്‍ക്കരിക്കപ്പെട്ടു. എല്ലാ സംഘടനകളുടേയും പ്രതിനിധികളടങ്ങിയ ജനറല്‍കൗണ്‍സിലിന് രൂപം നല്‍കി. ഇ.ജെ.ഫ്രാന്‍സിസ്, ഇ.പത്മനാഭന്‍, വി.വി. ജോസഫ്, മണ്ണന്തല വേലായുധന്‍നായര്‍, കെ.ഒ. ജോണ്‍ എന്നിവരെ കണ്‍വീനര്‍മാരായി തെരഞ്ഞെടുത്തു. 1971 ഫെബ്രുവരി 10 ന് ആരംഭിച്ച പണിമുടക്കം 12 ദിവസം നീണ്ടു നിന്നു.

പരിപൂര്‍ണ്ണമായിരുന്ന സമരത്തിന്‍റെ ഒരു ഘട്ടത്തില്‍ സര്‍ക്കാരിനെതിരെയുള്ള രാഷ്ട്രീയസമരമായി അതിനെമാറ്റിയെടുക്കുവാനുള്ള ചില പരിശ്രമങ്ങള്‍ ഉണ്ടായത് സമരസമിതിയില്‍ ഭിന്നിപ്പുണ്ടാക്കി. സര്‍ക്കാര്‍, ഭാഗികമായി ആവശ്യങ്ങള്‍ അംഗീകരിക്കാനുള്ള സമ്മതം പ്രകടിപ്പിച്ചുവെങ്കിലും ചര്‍ച്ച ചെയ്ത് സമരം അവസാനിപ്പിക്കുന്നതില്‍ ചില സംഘടനകള്‍ വിമുഖത കാട്ടി. ഈ സാഹചര്യത്തില്‍ സമരസമിതി ജനറല്‍ കൗണ്‍സില്‍ യോഗം ചേര്‍ന്ന് സര്‍ക്കാരുമായി ചര്‍ച്ച ചെയ്ത് സമരം അവസാനിപ്പിക്കാനുള്ള നിര്‍ദ്ദേശം നിര്‍വ്വാഹക സമിതിക്ക് നല്‍കി. ഇതേ തുടര്‍ന്ന് സര്‍ക്കാര്‍ സംഘടനകളെ ചര്‍ച്ചയ്ക്കുവിളിക്കുകയും 11 രൂപമുതല്‍ 17 രൂപവരെ ഇടക്കാലാശ്വാസം അനുവദിക്കുകയും ചെയ്തു. മാത്രവുമല്ല, 04.02.1971 മുതല്‍ ഡയസ്‌നോണ്‍ ഉത്തരവ് നിലവില്‍ വന്നിരുന്നുവെങ്കിലും പണിമുടക്കു ദിവസത്തെ ശമ്പളം നല്‍കുവാന്‍ സര്‍ക്കാര്‍ തയ്യാറാവുകയും ചെയ്തു. പകരമായി അത്രയും രണ്ടാം ശനിയാഴ്ചകളില്‍ ജോലിചെയ്താല്‍ മതിയെന്നും ധാരണയായി. എന്‍.ജി.ഒ യൂണിയന്‍ ജനറല്‍ സെക്രട്ടറിയായിരുന്ന ഇ. പത്മനാഭന്‍ അടക്കമുള്ള 5 കണ്‍വീനര്‍മാര്‍ മന്ത്രിസഭാപ്രതിനിധികളുമായി ചര്‍ച്ച ചെയ്തു. ഒത്തുതീര്‍പ്പു വ്യവസ്ഥയില്‍ ഒപ്പിടുകയും സമരം പിന്‍വലിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. എന്നാല്‍ അന്നു വൈകുന്നേരം എന്‍. ജി.ഒ യൂണിയന്‍ പ്രസിഡന്റ് മാത്യു സക്കറിയ, ജോയിന്റ് കൗണ്‍സില്‍ സമരത്തെ പിന്നില്‍ നിന്ന് കുത്തി, എന്ന് ആരോപണമുന്നയിച്ചു. സംഘടനാ മര്യാദകളുടെ എല്ലാ അതിര്‍വരമ്പുകളും ലംഘിക്കുന്ന നിലപാടായിരുന്നു അത്.

1971 ജൂണ്‍ 13,14,15 തീയതികളില്‍ കൊല്ലത്തു നടന്ന ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സമ്മേളനത്തില്‍ 'സംശുദ്ധമായ സിവില്‍ സര്‍വീസ് 'എന്ന മുദ്രാവാക്യം നടപ്പിലാക്കുന്നതിനുള്ള കര്‍മ്മപരിപാടികള്‍ പ്രഖ്യാപിച്ചു. എന്നാല്‍ മറ്റു സംഘടനകളുടെ നിസ്സഹകരണം മൂലം വളരെ കുറച്ചു മാത്രമേ ഈ വഴിയില്‍ മുന്നോട്ടുപോകാന്‍ സംഘടനയ്ക്ക് കഴിഞ്ഞുള്ളു.

ദേശീയ വേതനനയം അംഗീകരിക്കുക, 3-ാം കേന്ദ്ര ശമ്പളകമ്മീഷന്‍ റിപ്പോര്‍ട്ട് സംസ്ഥാന ജീവനക്കാര്‍ക്ക് ബാധകമാക്കുക, ഇടക്കാലാശ്വാസം അനുവദിക്കുക, റൂള്‍സ് റിവിഷന്‍ കമ്മിറ്റി ശുപാര്‍ശകള്‍ നടപ്പിലാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് 1972 ഡിസംബര്‍ 15 ന് ജോയിന്റ് കൗണ്‍സില്‍ ഒറ്റയ്ക്ക് പണിമുടക്കി. ഭൂരിപക്ഷം ജീവനക്കാരും പണിമുടക്കില്‍ പങ്കെടുത്തു. ആഫീസുകള്‍ പിക്കറ്റു ചെയ്തതിന് ജീവനക്കാര്‍ അറസ്റ്റിലായി. തുടര്‍ന്ന് ജോയിന്റ് കൗണ്‍സില്‍ നേതൃത്വത്തില്‍ 40 സംഘടനകളുടെ പ്രതിനിധി സംഘം മുഖ്യമന്ത്രിയെ കണ്ട് കൂടുതല്‍ ശക്തമായ പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്ന് അറിയിച്ചു. നിവേദക സംഘത്തിന് മുഖ്യമന്ത്രി ഒരു ഉറപ്പു നല്‍കി. ' കേന്ദ്ര ശമ്പളകമ്മീഷന്‍ റിപ്പോര്‍ട്ട് വന്നാല്‍ ഉടന്‍ ഉഭയകക്ഷി ചര്‍ച്ചയിലൂടെ അത് കേരളത്തിലും നടപ്പിലാക്കും' എന്ന്. ഈ സാഹചര്യത്തില്‍ ജോയിന്റ് കൗണ്‍സില്‍ തുടര്‍പ്രക്ഷോഭം മാറ്റിവച്ചു. എന്നാല്‍ ഈ സന്ദര്‍ഭത്തില്‍ ഒരു വലിയ രാഷ്ട്രീയ സമരത്തിന് എന്‍.ജി.ഒ യൂണിയന്‍ തയ്യാറെടുക്കുകയായിരുന്നു. നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ്, ഒരു രൂപ മിനിമം ആനുകൂല്യം നടപ്പിലാക്കുന്നതിനെതിരെയുള്ള സമരത്തില്‍ നിന്ന് മാറി നിന്നവര്‍, 100 രൂപ ഇടക്കാലാശ്വാസം അനുവദിക്കണമെന്നും ശമ്പളകമ്മീഷനെ നിയമിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് 73 ജനുവരി 10 മുതല്‍ അനിശ്ചിതകാല പണിമുടക്കം ആരംഭിച്ചു. ജോയിന്റ് കൗണ്‍സില്‍ ഈ പണിമുടക്കില്‍ പങ്കെടുത്തില്ല. പണിക്കു കയറിയ ജീവനക്കാരെ പ്രാകൃതമായ രീതിയില്‍ യൂണിയന്‍കാരും പുറത്തുള്ള അവരുടെ സഹായികളും നേരിട്ടു. ചേര്‍ത്തലയില്‍ ജോയിന്റ് കൗണ്‍സില്‍ അംഗമായിരുന്ന ശിവരാമനെ ഭീകരമായി വെട്ടിക്കൊന്നു. പണിക്കു കയറുന്ന ജീവനക്കാരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു. അതനുസരിച്ച് അക്രമം ശക്തിപ്രാപിച്ചു. ഏതാനും ദിവസങ്ങള്‍ കൂടി പിന്നിട്ടപ്പോള്‍ പണിമുടക്കുന്നവരുടെ എണ്ണം 20% ന് താഴെയായി. ഒടുവില്‍ 54-ാം ദിവസം ഏകപക്ഷീയമായി പണിമുടക്കം പിന്‍വലിക്കാന്‍ യൂണിയന്‍ നിര്‍ബ്ബന്ധിതമായി. ആവശ്യങ്ങളില്‍ ഒന്നുപോലും അംഗീകരിക്കപ്പെട്ടില്ല. പണിമുടക്കിയ ദിവസങ്ങളില്‍ ശമ്പളം ലഭിച്ചില്ല. അനാവശ്യമായ രാഷ്ട്രീയ സമരം നടത്തി, ജീവനക്കാരുടെ പ്രഹരശേഷിയെ തകര്‍ക്കുകയാണ് എന്‍.ജി.ഒ യൂണിയന്‍ ഈ സമരത്തിലൂടെ ചെയ്തത്. ഭാവിയില്‍ എന്നെങ്കിലുമൊരിക്കല്‍ സി.പി.എം നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരത്തില്‍ വന്നാല്‍ അന്ന് പണിമുടക്കിയ 54 ദിവസത്തെ ശമ്പളം തിരിച്ചു നല്‍കുമെന്ന് 73 ല്‍ യൂണിയന്‍ നേതാക്കള്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അതിനുശേഷം സി.പി.എം നേതൃത്വത്തിലുള്ള നാല് സര്‍ക്കാരുകള്‍ അധികാരത്തില്‍ വന്നെങ്കിലും ഇക്കാര്യത്തില്‍ ഒരു തീരുമാനവും നാളിതുവരെ ഉണ്ടായിട്ടില്ല.

കേന്ദ്രത്തില്‍ നടപ്പിലാക്കിയ ശമ്പളപരിഷ്‌കരണത്തെ തുടര്‍ന്ന് അച്യുതമേനോന്‍ സര്‍ക്കാര്‍ നേരത്തെ നല്‍കിയ വാഗ്ദാനം പാലിച്ചു കൊണ്ട് ഉഭയകക്ഷി ചര്‍ച്ചയിലൂടെ ശമ്പളം പരിഷ്‌കരിക്കാന്‍ തയ്യാറായി. 1973 സെപ്തംബര്‍ 21- ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ 4 അംഗ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു. 4 റൗണ്ട് ചര്‍ച്ച നടന്നു. എന്നാല്‍ എന്‍.ജി.ഒ യൂണിയന്‍ അവസാനഘട്ടത്തില്‍ ചര്‍ച്ച ബഹിഷ്‌കരിച്ചു. 1974 ഏപ്രില്‍ മാസത്തില്‍ ഉത്തരവിറങ്ങി. 15 രൂപമുതല്‍ 50 രൂപ വരെയുള്ള ആനുകൂല്യം ലഭിച്ചു. ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍ക്ക് ആദ്യമായി കേന്ദ്ര സ്‌കെയില്‍ അനുവദിച്ചു. കേന്ദ്രത്തിലേക്കാള്‍ ഉയര്‍ന്ന മാക്‌സിമത്തോടെയാണ് ഇത് നടപ്പിലാക്കിയത്. മറ്റ് ഒട്ടേറെ ആനുകൂല്യങ്ങള്‍ എല്ലാ വിഭാഗം ജീവനക്കാര്‍ക്കും ശമ്പള പരിഷ്‌കരണത്തിലൂടെ ലഭിച്ചു. ശമ്പള പരിഷ്‌കരണ വിശദാംശങ്ങള്‍ പ്രഖ്യാപിച്ചതോടൊപ്പം ഇനി ഓരോ അഞ്ചു വര്‍ഷത്തിലുമൊരിക്കല്‍ സംസ്ഥാന ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. അഞ്ചുവര്‍ഷത്തിലൊരിക്കല്‍ ശമ്പള പരിഷ്‌കരണമെന്ന കീഴ്‌വഴക്കം കേരളത്തില്‍ തുടങ്ങുന്നത്് അങ്ങനെയാണ്.

എല്ലാ അര്‍ത്ഥത്തിലും ജോയിന്റ് കൗണ്‍സില്‍ രൂപീകരിക്കപ്പെട്ടത് ജീവനക്കാരുടെ താല്പര്യം മുന്‍നിര്‍ത്തിയായിരുന്നു. അതുകൊണ്ടു തന്നെ രാഷ്ട്രീയ വിധേയത്വത്തിന്‍റെ അടിസ്ഥാനത്തില്‍ നിലപാടുകളില്‍ വെള്ളം ചേര്‍ത്തിരുന്നില്ല. എന്നാല്‍ കോണ്‍ഗ്രസിന് തങ്ങളുടേതായ ഒരു സംഘടനയുണ്ടാവണമെന്ന് രാഷ്ട്രീയ നേതൃത്വം നിശ്ചയിച്ചു. എന്നാല്‍ സംഘടനയിലെ മഹാഭൂരിപക്ഷത്തിനും അങ്ങനെയൊരു നിലപാടിനോട് യോജിക്കാന്‍ കഴിയുമായിരുന്നില്ല. ഈ സാഹചര്യത്തില്‍ റ്റി. വി. അപ്പുണ്ണിനായര്‍, വി.കെ. എന്‍. പണിക്കര്‍, കെ. കരുണാകരപിള്ള തുടങ്ങിയ നേതാക്കള്‍ ജോയിന്റ് കൗണ്‍സിലില്‍ നിന്ന് രാജിവയ്ക്കുകയും 1974 ഒക്‌ടോബര്‍ 27-ന് എറണാകുളത്ത് ഹിന്ദി പ്രചാരസഭാഹാളില്‍ ചേര്‍ന്ന് എന്‍.ജി.ഒ അസോസിയേഷന്‍ എന്ന സംഘടനയ്ക്ക് രൂപം നല്‍കുകയും ചെയ്തു. ടി.വി. അപ്പുണ്ണിനായരെ പ്രസിഡന്റായും കെ. കരുണാകരപിള്ളയെ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുത്തു കൊണ്ടാണ് എന്‍.ജി.ഒ അസോസിയേഷന്‍ പ്രവര്‍ത്തനമാരംഭിച്ചത്.

1969 മുതല്‍ 1974 വരെ എന്‍.ജി.ഒ യൂണിയനെക്കാള്‍ ശേഷിയുള്ള സംഘടനയായി പ്രവര്‍ത്തിച്ചിരുന്ന ജോയിന്റ് കൗണ്‍സിലിന് എന്‍.ജി.ഒ അസോസിയേഷന്‍റെ രൂപീകരണത്തോടെ സംഘടനാ ശേഷിയില്‍ കുറവുണ്ടായി എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ജോയിന്റ് കൗണ്‍സിലിനെതിരെ മിക്ക സ്ഥലങ്ങളിലും , എന്‍.ജി.ഒ. യൂണിയനും, എന്‍.ജി.ഒ അസോസിയേഷനും ഒരുമിച്ചാണ് നീങ്ങിയത്. കേന്ദ്രം പ്രഖ്യാപിക്കാത്ത ക്ഷാമബത്ത അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് 75 ഫെബ്രുവരി 5 മുതല്‍ 11 വരെ എന്‍. ജി.യൂണിയനും എന്‍. ജി.ഒ. അസോസിയേഷനും സംയുക്തമായി പണിമുടക്കി. ജോയിന്റ് കൗണ്‍സില്‍ സമരത്തില്‍ പങ്കെടുത്തില്ല. സമരം ഏകപക്ഷീയായി പിന്‍വലിക്കപ്പെടുകയായിരുന്നു.

1975 ജൂണ്‍ 26 -ന് രാജ്യത്ത് ഇന്ദിരാഗാന്ധി സര്‍ക്കാര്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. അതൊരു പുതിയ സാഹചര്യമായിരുന്നു. ജനാധിപത്യാവകാശങ്ങള്‍ ചവിട്ടിമെതിക്കപ്പെട്ടു. അതിക്രമങ്ങള്‍ രാജ്യമെമ്പാടും അരങ്ങേറിയ ഈ നാളുകളില്‍ വില നിലവാരം കുറഞ്ഞിരുന്നു. സ്വാഭാവികമായും ജീവിത വില സൂചിക കുറയുകയും കേന്ദ്രം ക്ഷാമബത്ത കുറയ്ക്കുകയും ചെയ്തു. കേരളത്തിലും ക്ഷാമബത്ത കുറയ്ക്കാനുള്ള നീക്കം നടന്നു. എന്നാല്‍ അടിയന്തിരാവസ്ഥയാണെങ്കിലും ജീവനക്കാര്‍ സമരത്തിനിറങ്ങുമെന്ന് കാണിച്ച് ജോയിന്റ് കൗണ്‍സില്‍ മുഖ്യമന്ത്രി അച്ചുതമേനോന് നിവേദനം നല്‍കി. തുടര്‍ന്ന് ക്ഷാമബത്ത കുറയ്ക്കുകയില്ലെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. അക്കാലത്ത് ഇന്ത്യയില്‍ ക്ഷാമബത്ത കുറയ്ക്കാത്ത ഏക സംസ്ഥാനം കേരളമായിരുന്നു.

1977 മാര്‍ച്ച് മാസത്തില്‍ രാജ്യത്ത് പൊതുതെരഞ്ഞെടുപ്പ് നടന്നു. ഇന്ദിരാഗാന്ധി ഉള്‍പ്പെടെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. ജനതാ പാര്‍ട്ടി നേതാവ് മൊറാര്‍ജിദേശായി പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനോടൊപ്പം കേരള നിയമസഭയിലേക്കും തെരഞ്ഞെടുപ്പ് നടന്നു. എല്ലാ മേഖലയില്‍ നിന്നും സമ്മര്‍ദ്ദം ഉണ്ടായിരുന്നു. എങ്കിലും സി.അച്യുതമേനോന്‍ വീണ്ടും മത്സരിക്കാന്‍ തയ്യാറായില്ല. സി.പി.ഐ യും കോണ്‍ഗ്രസ്സും ഉള്‍പ്പെട്ട ഐക്യമുന്നണിക്ക് നിയമസഭയില്‍ വന്‍ഭൂരിപക്ഷം ലഭിച്ചു. കെ. കരുണാകരന്‍ മുഖ്യമന്ത്രിയായി. എന്നാല്‍ രാജന്‍ കേസില്‍ ഉണ്ടായ ഹൈക്കോടതി വിധിയെ തുടര്‍ന്ന് കെ.കരുണാകരന്‍ രാജിവയ്ക്കുകയും എ.കെ. ആന്റണി മുഖ്യമന്ത്രിയാകുകയും ചെയ്തു.

1978 മേയ് മാസത്തില്‍ എന്‍. ജി.ഒ അസോസിയേഷന്‍ പിളര്‍ന്നു കെ.കരുണാകരന്‍പിള്ളയുടെയും ടി.വി. അപ്പുണ്ണിനായരുടെയും നേതൃത്വങ്ങളില്‍ പ്രത്യേകം സംഘടനകള്‍ പ്രവര്‍ത്തിച്ചു തുടങ്ങി. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസ് അനുവദിക്കണം എന്നുള്ളത് ജോയിന്റ് കൗണ്‍സിലിന്‍റെ ദീര്‍ഘകാലമായുള്ള ആവശ്യമായിരുന്നു. 1978 - ല്‍ 125 രൂപ ഫെസ്റ്റിവല്‍ അലവന്‍സ് അനുവദിച്ചു.

1978 - ല്‍ ശമ്പള പരിഷ്‌കരണത്തിനു വേണ്ടിയുള്ള ചന്ദ്രഭാനു കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ ജീവനക്കാര്‍ക്ക് സ്വീകാര്യമായിരുന്നില്ല. അതിനെതിരെ പ്രക്ഷോഭം നടത്താന്‍ എന്‍.ജി.ഒ. യൂണിയന്‍, ജോയിന്റ് കൗണ്‍സില്‍,എന്‍.ജി.ഒ അസോസിയേഷന്‍ മുതലായ സംഘടനകള്‍ കൂട്ടായി തീരുമാനിച്ചു. 1979 ജനുവരി 24 ന് എറണാകുളത്ത് ചേര്‍ന്ന്, അദ്ധ്യാപക സര്‍വീസ് സംഘടനാ സമരസമിതി രൂപീകരിച്ചു. ഇ.ജെ. ഫ്രാന്‍സിസ്, ഇ. പത്മനാഭന്‍, കെ.വി. ദേവദാസ്, ടി.വി. അപ്പുണ്ണിനായര്‍, കെ.കരുണാകരന്‍പിള്ള എന്നിവരെ കണ്‍വീനര്‍മാരായി നിശ്ചയിച്ചു. ജൂലൈ 4 - ന് അനിശ്ചിതകാല പണിമുടക്കം പ്രഖ്യാപിച്ചു.

1978 ജൂണ്‍ മാസത്തില്‍ എ.കെ.ആന്റണി മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുകയും പി.കെ. വാസുദേവന്‍ നായര്‍ മുഖ്യമന്ത്രിയായി ചുമതല ഏല്‍ക്കുകയും ചെയ്തു. ജോയിന്റ് കൗണ്‍സില്‍ നേതാക്കള്‍ മുഖ്യമന്ത്രിയെകണ്ട് വിശദമായി സംസാരിച്ചു. തുടര്‍ന്ന് മുഖ്യമന്ത്രി എല്ലാ സംഘടനകളെയും ചര്‍ച്ചക്ക് വിളിച്ചു. സമരം ഒത്തുതീര്‍പ്പായി. കേരളത്തിലെ ജീവനക്കാര്‍ക്ക് ആദ്യമായി 13 വര്‍ഷത്തെ ഹയര്‍ ഗ്രേഡ് അനുവദിക്കപ്പെടുന്നത് അന്നാണ്. മിനിസ്റ്റീരിയര്‍ സൂപ്പര്‍ വൈസറി സ്റ്റാഫ് പാറ്റേണ്‍ നിശ്ചയിക്കപ്പെട്ടതും ആ ചര്‍ച്ചയിലൂടെയാണ്.

ഈ കാലഘട്ടത്തില്‍ വലിയ രാഷ്ട്രീയ മാറ്റമുണ്ടായി. ദീര്‍ഘകാലത്തെ വേര്‍പിരിയലിനുശേഷം സി.പി.എം., സി.പി.ഐ കക്ഷികള്‍ ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. പി.കെ.വി മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞു. സി.എച്ച്. മുഹമ്മദ്‌കോയ മുഖ്യമന്ത്രിയായി. 1980 -ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ആന്റണി കോണ്‍ഗ്രസ്സ് ഉള്‍പ്പെടെയുള്ള ഇടതുപക്ഷ ജനാധിപത്യമുന്നണി ഭൂരിപക്ഷം നേടി. അതേ സമയം തന്നെ കേന്ദ്രത്തില്‍ ഇന്ദിരാഗാന്ധി വീണ്ടും അധികാരത്തിലെത്തി. ജനുവരി 25- ന് ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റു. മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ മുന്നണിക്കുള്ളില്‍ സംഘര്‍ഷം ഉരുണ്ടുകൂടി. ആന്റണി കോണ്‍ഗ്രസ്സും മാണിഗ്രൂപ്പും മുന്നണി വിട്ടു. 1981 ഒക്‌ടോബര്‍ 20- ന് നായനാര്‍ രാജിവച്ചു. തുടര്‍ന്ന് മുഖ്യമന്ത്രിയായ കെ. കരുണാകരന് 80 ദിവസം മാത്രമേ തുടരാനായുള്ളു. എന്നാല്‍ തുടര്‍ന്നു നടന്ന തെരഞ്ഞെടുപ്പില്‍ യൂ.ഡി.എഫ് ഭൂരിപക്ഷം നേടുകയും 1982 മേയ് 15- ന് കെ. കരുണാകരന്‍ മുഖ്യമന്ത്രിയായി വീണ്ടും ചുമതലയേല്‍ക്കുകയും ചെയ്തു.

കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ ഏറ്റവും തീക്ഷ്ണമായ നിരവധി സമരങ്ങള്‍ നടത്തേണ്ടി വന്ന ഒരു കാലഘട്ടമാണിത്. 1983 ഫെബ്രുവരിയില്‍ ലീവ് സറണ്ടര്‍ ആനുകൂല്യം നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇത് ജീവനക്കാരില്‍ പ്രതിഷേധത്തിന്‍റെ തീജ്വാല ഉയര്‍ത്തി. ആയിരക്കണക്കിന് ജീവനക്കാര്‍ സെക്രട്ടറിയേറ്റിനുമുന്നില്‍ ഇരമ്പിയെത്തി. അവരെ പോലീസ് ഭീകരമായി മര്‍ദ്ദിച്ചു. ജോയിന്റ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറിയായിരുന്ന എന്‍. അനന്തകൃഷ്ണന്‍, എന്‍. ജി.ഒ യൂണിയന്‍ ജനറല്‍ സെക്രട്ടറിയായിരുന്ന പി. വേണുഗോപാലന്‍നായര്‍, സെക്രട്ടറി പി. ആനന്ദന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മര്‍ദ്ദനമേറ്റു. പിറ്റേ ദിവസം (ഫെബ്രുവരി 2 ) നടന്ന പണിമുടക്കം സമ്പൂര്‍ണ്ണമായിരുന്നു. അന്നുതന്നെ ഫെബ്രുവരി 17 മുതല്‍ അനിശ്ചിതകാല പണിമുടക്കവും പ്രഖ്യാപിച്ചു. 9 ന് സര്‍ക്കാര്‍ സംഘടനകളെ ചര്‍ച്ചക്കു വിളിക്കുകയും ലീവ് സറണ്ടര്‍ പുനഃസ്ഥാപിക്കാമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു. തുടര്‍ന്ന് പണിമുടക്കം ഉപേക്ഷിച്ചു.

1983 മാര്‍ച്ച് 17 മുതല്‍ ശമ്പളപരിഷ്‌കരണത്തിനുവേണ്ടി അനിശ്ചിതകാല പണിമുടക്കം നടത്താന്‍ അദ്ധ്യാപക സര്‍വീസ് സംഘടനാ ഐക്യസമര സമിതി തീരുമാനിച്ചു. ജോയിന്റ് കൗണ്‍സിലും, എന്‍.ജി.ഒ യൂണിയനും ഉള്‍പ്പെട്ടതായിരുന്നു ഐക്യസമരസമിതി. മാര്‍ച്ച് 5- ന് സര്‍ക്കാര്‍ സംഘടനകളുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് പി.ഗോപാലന്‍ നമ്പ്യാര്‍ അദ്ധ്യക്ഷനായി ശമ്പള കമ്മീഷനെ നിയമിച്ചു. കമ്മീഷനെ നിയമിച്ച് 6 മാസങ്ങള്‍ക്കു ള്ളില്‍ പരിഷ്‌കരണം നടപ്പിലാക്കന്‍ കഴിഞ്ഞില്ലെങ്കില്‍ ഇടക്കാലാശ്വാസം പ്രഖ്യാപിക്കുമെന്ന് ചര്‍ച്ചയില്‍ മുഖ്യമന്ത്രി ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും പരിഷ്‌കരണം നടന്നില്ല. തുടര്‍ന്ന് 1984 ഫെബ്രുവരി 16 മുതല്‍ പണിമുടക്കം ആരംഭിച്ചു. പണിമുടക്കത്തെ അതിക്രൂരമായിട്ടാണ് കരുണാകരന്‍ സര്‍ക്കാര്‍ നേരിട്ടത്. നൂറുകണക്കിന് ജീവനക്കാരെ അറസ്റ്റ് ചെയ്യുകയും നിരവധിപേരെ സസ്‌പെന്റു ചെയ്യുകയും ചെയ്തു. പണിമുടക്കം വന്‍വിജയമായിരുന്നു. ആദ്യനാളുകളില്‍ പണിക്ക് കയറിയവര്‍പോലും തുടര്‍ന്നുള്ള ദിവസങ്ങളില്‍ പണിമുടക്കി. അതിലും ജീവനക്കാരോടുള്ള പ്രതികാരമനോഭാവത്തിന് മാറ്റം വന്നില്ല. ശമ്പളകമ്മീഷന്‍ അവരുടെ റിപ്പോര്‍ട്ട് പൂര്‍ണ്ണമാക്കിയതായി സര്‍ക്കാരിനെ രേഖാമൂലം അറിയിച്ചു. എന്നാല്‍ അതേറ്റു വാങ്ങാന്‍ കരുണാകരന്‍ സര്‍ക്കാര്‍ തയ്യാറായില്ല. എങ്കില്‍ റിപ്പോര്‍ട്ട് തപാലില്‍ അയക്കുമെന്ന് കമ്മീഷന്‍ അറിയിച്ചു. തുടര്‍ന്ന് ജൂണ്‍ 30 ന് റിപ്പോര്‍ട്ട് കൈപ്പറ്റിയെങ്കിലും അത് പ്രസിദ്ധീകരിക്കുവാനോ പരിഷ്‌കരണ നടപടികള്‍ ആരംഭിക്കുവാനോ തയ്യാറായില്ല. മറ്റുവഴികളില്ലാതെ ജീവനക്കാര്‍ വീണ്ടും പണിമുടക്കിലേക്ക് നീങ്ങി. ജൂലൈ 16- ന് സൂചനാ പണിമുടക്കുനടത്തി. അതിനെതുടര്‍ന്ന് ആഗസ്റ്റ് 6 മുതല്‍ അനിശ്ചിതകാലപണിമുടക്കം ആരംഭിച്ചു. ഈ പണിമുടക്കില്‍ എന്‍. ജി.ഒ അസോസിയേഷന്‍ ഒഴികെ മറ്റെല്ലാ സംഘടനകളും പങ്കെടുത്തു. 17 -ന് റിപ്പോര്‍ട്ട് അംഗീകരിക്കുകയും നടപ്പിലാക്കാന്‍ തീരുമാനിക്കുകയും ചെയ്ത സാഹചര്യത്തില്‍ പണിമുടക്കം അവസാനിപ്പിച്ചു. 21 മാസത്തെ കുടിശ്ശിക നിഷേധിച്ചു. 16.09.1985 ന് ഉത്തരവിറക്കി. പണിമുടക്കത്തില്‍ പങ്കെടുത്തതിന് സെക്രട്ടറിയേറ്റിലെ അഡീഷണല്‍ സെക്രട്ടറിയായിരുന്ന സി. ജെ. ജോസഫിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. അദ്ദേഹത്തിന്‍റെ പൂര്‍ണ്ണസംരക്ഷണം സമരസമിതി ഏറ്റെടുത്തിരുന്നു.

സിവില്‍ സര്‍വീസ് നവീകരണത്തിനുവേണ്ടി. സിവില്‍ സര്‍വീസിലെ അഴിമതി 1982- 87 കാലഘട്ടത്തിലേതുപോലെ അതിനുമുന്‍പ് ഒരു കാലഘട്ടത്തിലും ഉണ്ടായിട്ടില്ല. മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരനും മറ്റു മന്ത്രിമാരും ഇതിനെ പ്രോത്സാഹിപ്പിക്കുന്ന നയമായിരുന്നു പിന്തുടര്‍ന്നിരുന്നത്. സമൂഹമദ്ധ്യേ ജീവനക്കാരാകെ അഴിമതിക്കാരായി ചിത്രീകരിക്കപ്പെടുന്ന ഗുരുതരമായ സാഹചര്യത്തിലാണ് 1986 ഒക്‌ടോബര്‍ 2 മുതല്‍ 55 ദിവസം നീണ്ടുനിന്ന അഴിമതി വിരുദ്ധപദയാത്ര ജോയിന്റ് കൗണ്‍സില്‍ നടത്തിയത്. 14 ജില്ലകളിലെയും പ്രധാനപ്പെട്ട എല്ലാ സര്‍ക്കാര്‍ ആഫീസുകളിലും ജാഥാംഗങ്ങള്‍ കടന്നു ചെന്ന് '' അഴിമതിക്കാരായ സര്‍ക്കാര്‍ ജീവനക്കാരെ കയ്യാമം വെയ്ക്കുക, അഴിമതി വളര്‍ത്തുന്ന സിവില്‍ സര്‍വീസിനെ മാറ്റിമറിക്കുക, അഴിമതിക്കാരെ പ്രോത്സാഹിപ്പിക്കുന്ന ഭരണാധികാരികളുടെ നയം തിരുത്തുക'' എന്നീ മുദ്രാവാക്യങ്ങള്‍ കൊണ്ട് സര്‍ക്കാര്‍ ആഫീസുകളെ പ്രകമ്പനം കൊള്ളിച്ചു. അഴിമതിക്കാരല്ലാത്ത ഭൂരിപക്ഷം ജീവനക്കാരും ജാഥയെ ആവേശപൂര്‍വം സ്വീകരിച്ചു. സമൂഹത്തിന്‍റെയാകെ ശ്രദ്ധ പിടിച്ചു പറ്റാന്‍ ജാഥയ്ക്ക് കഴിഞ്ഞു. ജാഥയുടെ രണ്ടാം ഘട്ടമെന്നരീതിയിലാണ് 1988 മെയ് ഒന്നുമുതല്‍ 14 ദിവസം നീണ്ടുനിന്ന 'ഇവമിഴല ഇശ്ശഹ ടലൃ്ശരല ഇമാുമശഴി' ജോയിന്റ് കൗണ്‍സില്‍ നടത്തിയത്. ജനശ്രദ്ധ ആകര്‍ഷിക്കുന്ന '' അന്യര്‍ക്ക് പ്രവേശനമില്ല'' എന്ന പേരിലുള്ള തെരുവുനാടകവും അവതരിപ്പിച്ചിരുന്നു. 'വിനയത്തോടെ കാര്യക്ഷമമായ പ്രവര്‍ത്തനം 'എന്ന മുദ്രാവാക്യം ഇപ്പോഴും പ്രസക്തമാണ്. എന്നാല്‍ ഇക്കാര്യത്തില്‍ ശ്രദ്ധേയമായ നേട്ടം കൈവരിക്കാന്‍ നാളിതുവരെ കഴിഞ്ഞിട്ടില്ല എന്ന ദുഃഖകരമായ സത്യം അവശേഷിക്കുന്നു.

കേന്ദ്രപാരിറ്റി 9-ാം ധനകാര്യ കമ്മീഷന്‍ 1989 ഡിസംബറില്‍ ശുപാര്‍ശകള്‍ സമര്‍പ്പിച്ചപ്പോള്‍, സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രപാരിറ്റി നല്‍കണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു. ഇതിനായി 513.27 കോടി രൂപ കണക്കാക്കുകയും അതില്‍ ഗ്രാന്റ് ഇന്‍- എയ്ഡായി 103 കോടി രൂപ കേരളത്തിന് അനുവദിക്കുകയും ചെയ്തു. 01.01.1986 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിച്ചപ്പോള്‍ എല്ലാ അര്‍ത്ഥത്തിലും കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരും അദ്ധ്യാപകരും ഏറെ പിന്നിലാവുകയായിരുന്നു. ജീവിതനിലവാര സൂചികയുടെ 608 പോയിന്റ് ക്ഷാമബത്ത ശമ്പളത്തില്‍ ലയിപ്പിച്ചുകൊണ്ട് ,ഏറ്റവും താഴെ തട്ടിലുള്ള ശമ്പള സ്‌കെയില്‍ 750-940 ആയി നിശ്ചയിച്ചു. ജോയിന്റ് കൗണ്‍സില്‍ ധനകാര്യ കമ്മീഷനു നല്‍കിയ നിവേദനത്തില്‍ ഇക്കാര്യങ്ങള്‍ വിശദീകരിച്ചിരുന്നു. അതിന്‍റെ കൂടി ഫലമായിട്ടായിരുന്നു ധനകാര്യ കമ്മീഷനില്‍ നിന്നുണ്ടായ അനുകൂലമായ ശുപാര്‍ശ 1987 - ല്‍ അധികാരത്തില്‍ വന്ന ഇ.കെ.നായനാരുടെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സര്‍ക്കാരിന്‍റെ കാലത്ത് വലിയ സമരങ്ങളൊന്നും കൂടാതെയാണ് ജസ്റ്റീസ് ചന്ദ്രശേഖരമേനോനെ ശമ്പളകമ്മീഷനായി നിയമിച്ചത്. കേന്ദ്രവുമായി ബന്ധപ്പെടുത്തി വേണം ശമ്പള പരിഷ്‌കരണം നടപ്പിലാക്കേണ്ടത് എന്ന ശക്തമായ നിലപാടാണ് ജോയിന്റ് കൗണ്‍സില്‍ കൈക്കൊണ്ടത്. കമ്മീഷന്‍ യഥാസമയം തന്നെ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. റിപ്പോര്‍ട്ട് നല്‍കിയ ദിവസം തന്നെ, അതിന്‍റെ ഉള്ളടക്കം എന്തെന്നറിയുന്നതിനുമുമ്പ് എന്‍. ജി.ഒ യൂണിയന്‍ ആഹ്ലാദപ്രകടനവും അസോസിയേഷന്‍ പ്രതിഷേധ പ്രകടനവും നടത്തി. റിപ്പോര്‍ട്ടിലെ ഉള്ളടക്കം മനസ്സിലാക്കിയ ശേഷം മാത്രമേ പ്രതികരിക്കുന്നുള്ളുവെന്ന് ജോയിന്റ് കൗണ്‍സില്‍ മാധ്യമങ്ങളെ അറിയിച്ചു. റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ അതില്‍ സ്വീകാര്യമായ നിരവധി ഘടകങ്ങള്‍ ഉണ്ടായിരുന്നു. റണ്ണിംഗ് മാസ്റ്റര്‍ സ്‌കെയില്‍, ഗ്രേഡ് വ്യാപകമാക്കല്‍, താഴെ തട്ടിലുള്ള ജീവനക്കാര്‍ക്ക് കേന്ദ്ര സ്‌കെയില്‍ എന്നിവ എടുത്തു പറയേണ്ട നേട്ടങ്ങളായിരുന്നു. ഭൂരിപക്ഷം തസ്തികകള്‍ക്കും കേന്ദ്ര സ്‌കെയില്‍ നിരാകരിച്ചതും കേന്ദ്രത്തിലെ മറ്റാനുകൂല്യങ്ങള്‍ ശുപാര്‍ശ ചെയ്യാതിരുന്നതും മിനിമം ആനുകൂല്യം 50 രൂപ മാത്രം ശുപാര്‍ശ ചെയ്തതും സ്വീകരിക്കാന്‍ കഴിയുമായിരുന്നില്ല. നേട്ടങ്ങളെ അംഗീകരിച്ചുകൊണ്ടുതന്നെ കോട്ടങ്ങള്‍ പരിഹരിച്ചുകിട്ടുവാന്‍ പണിമുടക്കം അടക്കമുള്ള ശക്തമായ സമരത്തിലേക്ക് നീങ്ങുവാന്‍ ജോയിന്റ് കൗണ്‍സില്‍ തീരുമാനിച്ചു. ഈ സാഹചര്യത്തില്‍ എന്‍. ജി.ഒ യൂണിയന്‍ നിലപാടു മാറ്റുകയും റിപ്പോര്‍ട്ടില്‍ കുറവുകള്‍ ഉണ്ടെന്ന് അംഗീകരിക്കുകയും ചെയ്തു. എന്‍.ജി.ഒ അസോസിയേഷന്‍ ഉള്‍പ്പെടെയുള്ള സംഘടനകളുമായി യോജിച്ച് പണിമുടക്കം നടത്തുന്നതിനുള്ള ആലോചനകള്‍ക്ക് ജോയിന്റ് കൗണ്‍സില്‍ മുന്‍കൈ എടുത്തു. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറായി. കേന്ദ്രപാരിറ്റി അംഗീകരിക്കപ്പെട്ടില്ല. എന്നാല്‍ മറ്റ് നിരവധി കാര്യങ്ങളില്‍ അനുകൂല തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടു. 01.07.1988 മുതല്‍ ശമ്പള പരിഷ്‌കരണം നടപ്പിലാക്കുകയും ചെയ്തു.

1991- ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി യു.ഡി.എഫ് പ്രകടനപത്രികയില്‍ വളരെ പ്രാധാന്യത്തോടെ ഒരു വാഗ്ദാനം ഉള്‍പ്പെടുത്തി. 'യൂ.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ കേന്ദ്രപാരിറ്റി പൂര്‍ണ്ണമായി നടപ്പിലാക്കും' എന്നതായിരുന്നു അത്. തെരഞ്ഞെടുപ്പില്‍ യൂ.ഡി.എഫ് നല്ല ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ വന്നു. കെ.കരുണാകരന്‍ വീണ്ടും മുഖ്യമന്ത്രിയായി. ഈ സാഹചര്യത്തില്‍ കേന്ദ്രപാരിറ്റി നടപ്പിലാക്കേണ്ടതിന്‍റെ ആവശ്യകതയെ സംബന്ധിച്ചും കേരളത്തിലും കേന്ദ്രത്തിലുമുള്ള ജീവനക്കാരുടെ വേതനത്തിലെ അന്തരത്തെ സംബന്ധിച്ചും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ഇതു നടപ്പിലാക്കിയതിന്‍റെ വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടും 'കേന്ദ്രപാരിറ്റി എന്ത്? എങ്ങനെ? ' എന്നപേരില്‍ 24 പേജുള്ള ഒരു ലഘുലേഖ 20.10.1991 -ന് ജോയിന്റ് കൗണ്‍സില്‍ സംസ്ഥാനകമ്മിറ്റി പ്രസിദ്ധീകരിച്ചു. രണ്ട് രൂപയായിരുന്നു വില. ആദ്യം അച്ചടിച്ച കോപ്പികള്‍ ഒരാഴ്ചക്കുള്ളില്‍ തീര്‍ന്നു. തുടര്‍ന്ന് മൂന്നുപ്രാവശ്യം അച്ചടിച്ചു. ഇതൊരു സംഭവമായി മാറി. ജീവനക്കാരാകെ കേന്ദ്രപാരിറ്റി എന്തെന്ന് പഠിച്ചു.സ:എം.എന്‍.വി.ജി.അടിയോടിയായിരുന്നു ലഘുലേഖ തയ്യാറാക്കിയത്. കേന്ദ്രപാരിറ്റി എന്ന ആവശ്യത്തെ എന്‍.ജി.ഒ യൂണിയന്‍ എതിര്‍ത്തു. ജോയിന്റ് കൗണ്‍സിലിനെതിരെ വ്യാപകമായ രീതിയില്‍ നോട്ടീസ് ഇറക്കുകയും പ്രചരണം നടത്തുകയും ചെയ്തു. അതിനൊക്കെ ജോയിന്റ് കൗണ്‍സില്‍ ഫലപ്രദമായി മറുപടി നല്‍കി. കേന്ദ്രപാരിറ്റിക്കു വേണ്ടിയുള്ള സമരം കൊടുമ്പിരികൊള്ളുമെന്നുറപ്പായപ്പോള്‍ ഇക്കാര്യത്തില്‍ ആവശ്യമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ ഗവ. സെക്രട്ടറി ജി.ഗോപാലകൃഷ്ണപിള്ളയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി. ' ജമ്യ ഋൂൗമഹശമെശേീി ഇീാാശേേലല ' എന്നാണ് ഇതിനു പേര് നല്‍കിയത്.

ഏറെ സാവകാശത്തില്‍ റിപ്പോര്‍ട്ട് തയ്യാറാക്കി കമ്മിറ്റി ഒടുവില്‍ അത് പ്രസിദ്ധീകരിച്ചു. വളരെ വിനാശകരമായ റിപ്പോര്‍ട്ടായിരുന്നു ഇത്. ഭൂരിപക്ഷം ജീവനക്കാര്‍ക്കും കേന്ദ്ര സ്‌കെയിലോ മറ്റാനുകൂല്യങ്ങളോ ശുപാര്‍ശ ചെയ്തില്ല എന്നു മാത്രമല്ല, നിലവിലുള്ള നിരവധി ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കാനും ശുപാര്‍ശ ചെയ്തു. ഇന്ത്യയിലെ 22 സംസ്ഥാനങ്ങളില്‍ കേന്ദ്ര പാരിറ്റി നടപ്പിലാക്കിയപ്പോള്‍ അവിടവിടെ നിലവിലുള്ള ആനുകൂല്യങ്ങള്‍ പൂര്‍ണ്ണമായി സംരക്ഷിച്ചുകൊണ്ടാണ് അത് നടപ്പിലാക്കിയതെന്നതിന്‍റെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള മറ്റൊരു ലഘുലേഖ ' പേ ഈക്വലൈസേഷന്‍ കേന്ദ്രപാരിറ്റിയല്ല' എന്ന പേരില്‍ 02.04.1993 ന് ജോയിന്റ് കൗണ്‍സില്‍ പ്രസിദ്ധീകരിച്ചു. ഇതും വ്യാപകമായി ചര്‍ച്ചചെയ്യപ്പെട്ടു. ജീവനക്കാര്‍ സമരസജ്ജരായി. സര്‍ക്കാര്‍ ചര്‍ച്ചക്കു തയ്യാറായി. വളരെ വികൃതമായ രീതിയിലും കേന്ദ്ര ആനുകൂല്യങ്ങള്‍ പൂര്‍ണ്ണമായും നല്‍കാതെയുമാണ് അത് നടപ്പിലാക്കിയത്. എന്നാല്‍ കേന്ദ്രപാരിറ്റിയുടെ നേട്ടം ഒരു പരിധി വരെ ജീവനക്കാര്‍ക്ക് അനുഭവിക്കാന്‍ ആദ്യമായി കഴിഞ്ഞത് ഇതിലൂടെയാണ് എന്ന വസ്തുത വിസ്മരിക്കാനാകില്ല. സര്‍വീസിലെ പകുതിയോളം ജീവനക്കാര്‍ക്ക് ഗുണകരമായി ആനുകൂല്യം കിട്ടി.

1993 - ല്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിക്കുന്നതിനുവേണ്ടി ' പാണ്ഡ്യന്‍ കമ്മീഷനെ ' നിയമിച്ചു. കമ്മീഷന്‍റെ പ്രവര്‍ത്തനം നീണ്ടു പോയ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 100 രൂപ ഇടക്കാലാശ്വാസം അനുവദിച്ചു. തുടര്‍ന്ന് ഇന്ത്യയിലെ നിരവധി സംസ്ഥാന സര്‍ക്കാരുകളും ഇടക്കാലാശ്വാസം അവരുടെ ജീവനക്കാര്‍ക്ക് നല്‍കി. കേരളത്തിലെ ജീവനക്കാര്‍ക്കും കേന്ദ്രനിരക്കില്‍ ഇടക്കാലാശ്വാസം അനുവദിക്കണമെന്ന് ജോയിന്റ് കൗണ്‍സില്‍ ആവശ്യപ്പെടുകയും ഇതിനുവേണ്ടി ജില്ലാ മാര്‍ച്ചുകളും സെക്രട്ടറിയേറ്റ് മാര്‍ച്ചും നടത്തുകയും ചെയ്തു. എന്നാല്‍ അനുകൂല തീരുമാനം ഉണ്ടായില്ല. ഇതിനുവേണ്ടി സംയുക്ത പണിമുടക്കത്തിന് തയ്യാറാകണമെന്നഭ്യര്‍ത്ഥിച്ചുകൊണ്ട് എന്‍.ജി.ഒ യൂണിയന്‍, എന്‍.ജി.ഒ അസോസിയേഷന്‍ ഉള്‍പ്പെടെയുള്ള എല്ലാ സംഘടനകള്‍ക്കും കത്തുകൊടുക്കുകയും ചര്‍ച്ച നടത്തുകയും ചെയ്തു. എന്നാല്‍ കേന്ദ്രപാരിറ്റിയുമായി ബന്ധപ്പെട്ട ഈ ആവശ്യത്തിനുവേണ്ടി സമരം ചെയ്യാന്‍ യൂണിയന്‍ തയ്യാറായിരുന്നില്ല. യൂ.ഡി.എഫ് ഭരണമാണ് നിലനിന്നിരുന്നത് എന്നതിനാല്‍ പണിമുടക്കത്തിന് അസോസിയേഷനും തയ്യാറായില്ല. ഈ സാഹചര്യത്തില്‍ ജോയിന്റ് കൗണ്‍സില്‍ നേതൃത്വം നല്‍കുന്ന അദ്ധ്യാപക- സര്‍വീസ് സംഘടനാ കോണ്‍ഫെഡറേഷന്‍ 1995 ആഗസ്റ്റ് 4 ന് സൂചനാപണിമുടക്കം പ്രഖ്യാപിച്ചു. പണിമുടക്കിന് മുന്നോടിയായി എല്ലാ ജില്ലകളിലും ജാഥ നടത്തി. വിപുലമായ മറ്റ് പ്രചരണ പ്രവര്‍ത്തനങ്ങളും നടത്തി. എന്‍.ജി.ഒ യൂണിയന്‍ പരസ്യമായിതന്നെ എതിര്‍ പ്രചരണം നടത്തി. ഇതിനിടയില്‍ കേന്ദ്ര ജീവനക്കാര്‍ക്ക് അടിസ്ഥാനശമ്പളത്തിന്‍റെ 10% തുക ഇടക്കാലാശ്വാസമായി വീണ്ടും അനുവദിക്കപ്പെട്ടു. ആഗസ്റ്റ് 4-ന്‍റെ പണിമുടക്കം ഭാഗികമായിരുന്നു. എന്നാല്‍ നൂറുകണക്കിന് ആഫീസുകളുടെ പ്രവര്‍ത്തനത്തെ പണിമുടക്കം പ്രതികൂലമായി ബാധിച്ചു. ജോയിന്റ് കൗണ്‍സില്‍ അംഗങ്ങളല്ലാത്ത ജീവനക്കാര്‍പോലും സമരത്തില്‍ പങ്കെടുത്തു. സമരദിവസം തന്നെ, സമരത്തിനാധാരമായ ഇടക്കാലാശ്വാസം അനുവദിക്കണമെന്ന ആവശ്യം സി.പി.ഐ. അംഗങ്ങള്‍ നിയമസഭയില്‍ ഉന്നയിച്ചു. ജീവനക്കാര്‍ ഉന്നയിച്ചിരിക്കുന്ന കേന്ദ്രനിരക്കില്‍ ഇടക്കാലാശ്വാസം എന്ന ഡിമാന്റ് ന്യായമാണെന്നും അനുവദിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുമെന്നും ധനകാര്യമന്ത്രിയായിരുന്ന സി.വി.പത്മരാജന്‍ നിയമസഭയില്‍ പ്രഖ്യാപിച്ചു. ഇടക്കാലാശ്വാസം അനുവദിക്കപ്പെടുകയും ചെയ്തു.

1996 -ല്‍ കേരളത്തില്‍ വീണ്ടും ഭരണമാറ്റമുണ്ടായി. ഇ.കെ. നായനാരുടെ നേതൃത്വത്തിലുള്ള ഇടതുപക്ഷ മന്ത്രിസഭ അധികാരമേറ്റു. ഒന്നാംഗഡു ഇടക്കാലാശ്വാസം നല്‍കിയ കേരളത്തില്‍ രണ്ടാം ഗഡുവും അനുവദിക്കണമെന്ന ആവശ്യം ജോയിന്റ് കൗണ്‍സില്‍ ഉന്നയിച്ചു. കൂട്ടായ സമരത്തിന് തയ്യാറാകുവാന്‍ മറ്റ് സംഘടനകളോട് അഭ്യര്‍ത്ഥിച്ചു. യൂ.ഡി.എഫ് മാറി എല്‍.ഡി.എഫ് വന്ന സാഹചര്യത്തിലാകാം ഒന്നാം ഗഡു ഇടക്കാലാശ്വാസത്തിനുവേണ്ടിയുള്ള സമരത്തില്‍ പങ്കെടുക്കാതിരുന്ന എന്‍.ജി.ഒ അസോസിയേഷനും 'സെറ്റോ'യും രണ്ടാം ഗഡു ഇടക്കാലാശ്വാസത്തിനുവേണ്ടിയുള്ള സമരത്തില്‍ പങ്കെടുക്കാന്‍ തയ്യാറായി. ഇടക്കാലാശ്വാസം എന്ന ഡിമാന്റ് എഫ്.എസ്.ഇ.ടി.ഒ സംഘടനകള്‍ ഉന്നയിക്കുവാന്‍ നിര്‍ബന്ധിതമായി. കേന്ദ്രനിരക്കില്‍ നിന്ന് വ്യത്യസ്തമായി 250 രൂപ ക്ഷാമബത്തയായി അനുവദിക്കണമെന്നയാവശ്യമാണ് മുമ്പോട്ടുവച്ചത്. 1996 നവംബര്‍ 12-ന് സൂചനാപണിമുടക്കം പ്രഖ്യാപിച്ചു. എന്‍.ജി.ഒ യൂണിയന്‍ സമരത്തെ എതിര്‍ത്തുകൊണ്ട് രംഗത്തെത്തി. എങ്കിലും പണിമുടക്കം വിജയമായിരുന്നു. 70% -ല്‍ അധികം ജീവനക്കാര്‍ പണിമുടക്കി. പണിക്കു കയറിയവരെ പിക്കറ്റു ചെയ്ത ജോയിന്റ് കൗണ്‍സില്‍ പ്രവര്‍ത്തകരെ എന്‍.ജി.ഒ യൂണിയന്‍ പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് ആക്രമിച്ച സംഭവങ്ങളുമുണ്ടായി. തിരുവനന്തപുരത്ത് പബ്ലിക് ആഫീസ്, വികാസ് ഭവന്‍, കൊല്ലം സിവില്‍ സ്റ്റേഷന്‍, പീരുമേട് തുടങ്ങി നിരവധി സ്ഥലങ്ങളില്‍ സംഘട്ടനം നടന്നു.

സി.പി.എം നേതൃത്വത്തിലുള്ള മന്ത്രിസഭയാണ് അധികാരത്തിലെങ്കില്‍ എത്ര തെറ്റായ സമീപനം ഉണ്ടായാലും പണിമുടക്കില്ല എന്ന എന്‍.ജി.ഒ യൂണിയന്‍റെ അംഗീകൃത നിലപാടിന്‍റെ തുടര്‍ച്ചയായിരുന്നു അത്. ഏതായാലും ആ പ്രാകൃത നിലപാട് ജീവനക്കാര്‍ തള്ളിക്കളഞ്ഞതിന്‍റെ ദൃഷ്ടാന്തമായിരുന്നു 96 നവംബര്‍ 12- ന്‍റെ പണിമുടക്കു വിജയം. ജീവനക്കാരുടെ വികാരം പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാന്‍ ഇടതുപക്ഷ സര്‍ക്കാരിന് കഴിഞ്ഞു. യൂണിയന്‍റെ വ്യത്യസ്ത നിലപാട് നിലനില്‍ക്കെത്തന്നെ കേന്ദ്രനിരക്കില്‍ 10% രണ്ടാം ഗഡു ഇടക്കാലാശ്വാസം നായനാര്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ജോയിന്റ് കൗണ്‍സില്‍ ഉയര്‍ത്തിയ നീതിപൂര്‍വ്വമായ നിലപാട് അംഗീകരിക്കപ്പെടുകയായിരുന്നു. 01.01.1996 മുതല്‍ പ്രാബല്യം നല്‍കി കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളപരിഷ്‌കരണം നടപ്പിലാക്കി. ചരിത്രപരമായ നേട്ടങ്ങള്‍ ഉറപ്പാക്കുന്നതായിരുന്നു പരിഷ്‌കരണം. കേന്ദ്ര ആഭ്യന്തരകാര്യമന്ത്രിയും സി.പി.ഐ നേതാവുമായിരുന്ന ഇന്ദ്രജിത്ത് ഗുപ്തയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭാ ഉപസമിതി സംഘടനകളുമായി നടത്തിയ അതി ദീര്‍ഘമായ ചര്‍ച്ചയുടെ ഫലമായിട്ടായിരുന്നു ഇത്രയും നേട്ടങ്ങള്‍ ഉറപ്പായത്.

ഇടതുപക്ഷ സര്‍ക്കാരിന്‍റെ കാലത്തൊന്നും തന്നെ ശമ്പളപരിഷ്‌കരണം അനിശ്ചിതമായി നീണ്ടുപോയിട്ടില്ല എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. അഞ്ചു വര്‍ഷ കീഴ്‌വഴക്കം അനുസരിച്ചുതന്നെ 1997 - ല്‍ പി.എം.എബ്രഹാം ചെയര്‍മാനായി 'പേ റിവിഷന്‍ കമ്മിറ്റി 'രൂപീകരിക്കുകയും ചെയ്തു. റിപ്പോര്‍ട്ട് പുറത്തു വന്നപ്പോള്‍ എല്ലാ തസ്തികകള്‍ക്കും കേന്ദ്ര പാരിറ്റി അനുവദിക്കാത്തതിനെയും ശുപാര്‍ശകളിലെ ചില പോരായ്മകളെയും ജോയിന്റ് കൗണ്‍സില്‍ എതിര്‍ത്തു. ഇതു തിരുത്തണമെന്നാവശ്യപ്പെട്ട് ആയിരക്കണക്കിന് ജീവനക്കാരെ പങ്കെടുപ്പിച്ച് സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തി. ഈ സന്ദര്‍ഭത്തില്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറായി. മന്ത്രിമാരായ റ്റി. ശിവദാസമേനോന്‍, ഇ. ചന്ദ്രശേഖരന്‍നായര്‍, വി.പി. രാമകൃഷ്ണപിള്ള, പി.ജെ. ജോസഫ് എന്നിവരടങ്ങിയ ഉപസമിതി ,ദിവസങ്ങള്‍ നീണ്ടുനിന്ന ഫലപ്രദമായ ചര്‍ച്ച സംഘടനകളുമായി നടത്തി. മൗലികമായ ധാരാളം വ്യത്യാസങ്ങള്‍ റിപ്പോര്‍ട്ടില്‍ വരുത്താന്‍ തയ്യാറായി. നിരവധി വിഭാഗങ്ങള്‍ക്ക് കേന്ദ്ര സ്‌കെയില്‍ പുതുതായി അനുവദിച്ചു. പെന്‍ഷന്‍ ആനുകൂല്യങ്ങളില്‍ വന്‍വര്‍ദ്ധനവ് ഉണ്ടായി. 1997 മാര്‍ച്ച് മുതല്‍ പ്രാബല്യം നല്‍കി പരിഷ്‌കരണം നടപ്പിലാക്കി. ഇതില്‍ ജോയിന്റ് കൗണ്‍സില്‍ വഹിച്ച പങ്ക് നിര്‍ണ്ണായകമായിരുന്നു. പെന്‍ഷന്‍പ്രായം വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് 2002 ഫെബ്രുവരി 8 ന് ജോയിന്റ് കൗണ്‍സില്‍ സെക്രട്ടറിയേറ്റിനുമുന്നില്‍ നടത്തിയ കുടുംബ സംഗമം കേരളം ശ്രദ്ധിച്ച കാംപെയിനായിരുന്നു.

പുത്തന്‍സാമ്പത്തിക നയങ്ങള്‍ 1991 - ല്‍ പ്രധാനമന്ത്രിയായിരുന്ന പി.വി.നരസിംഹറാവുവും ധനകാര്യമന്ത്രിയായിരുന്ന ഡോ. മന്‍മോഹന്‍സിംഗും (ഇപ്പോഴത്തെ പ്രധാനമന്ത്രി ) കൂടി തുടങ്ങിവച്ച സാമ്പത്തിക പരിഷ്‌കാരങ്ങള്‍ അന്നുമുതല്‍ തന്നെ രാജ്യത്ത് ദുരന്തങ്ങള്‍ വിതക്കാന്‍ തുടങ്ങിയിരുന്നു. പത്തുവര്‍ഷംകൊണ്ട് രാജ്യം എല്ലാ അര്‍ത്ഥത്തിലും തകര്‍ന്നു. പണപ്പെരുപ്പവും അതിന്‍റെ അനിവാര്യ ഫലമായ വിലക്കയറ്റവും രൂക്ഷമായി. പൊതുമേഖലാ സ്ഥാപനങ്ങള്‍ ഒന്നൊന്നായി പൂട്ടി. തൊഴിലില്ലായ്മ രൂക്ഷമായി. ഈ നയങ്ങളുടെ ഫലമായി സംസ്ഥാനസര്‍ക്കാരുകളും സാമ്പത്തിക പ്രതിസന്ധിയിലായി. ഈ നയങ്ങള്‍ക്കെതിരെയുള്ള ദേശീയ പ്രക്ഷോഭങ്ങളില്‍ കേരളത്തിലെ ജീവനക്കാരും സജീവമായി പങ്കെടുത്തു. ഇടതുപക്ഷ സര്‍ക്കാരിന്‍റെ ആദ്യനാളുകളിലെ പ്രവര്‍ത്തനം വളരെ ആശാവഹമായിരുന്നു. ജനകീയാസൂത്രണം, പവര്‍കട്ട് അവസാനിപ്പിക്കല്‍,വിലനിലവാരം പിടിച്ചുനിര്‍ത്തല്‍, കാര്‍ഷിക- ടൂറിസം മേഖലകളിലുണ്ടായ ഉണര്‍വ് ഒക്കെയും എടുത്തു കാട്ടാവുന്നതായിരുന്നു. ഡിപ്പാര്‍ട്ടുമെന്റ് തലത്തിലുള്ള നിരവധി പ്രശ്‌നങ്ങളും പരിഹരിക്കപ്പെട്ടു. റവന്യൂമന്ത്രി കെ.ഇ.ഇസ്മായില്‍ മുന്‍കൈ എടുത്ത് റവന്യൂവകുപ്പില്‍ നടപ്പിലാക്കിയ സമൂലമായ പുനഃസംഘടന എടുത്തു പറയേണ്ടതാണ്. എന്നാല്‍ ധനകാര്യവിദ്യാഭ്യാസ വകുപ്പുകളുടെ പ്രവര്‍ത്തനം പാളം തെറ്റിയതായിരുന്നു. ഇതിനെ തിരുത്തുവാന്‍ മുഖ്യമന്ത്രിക്കും കഴിഞ്ഞില്ല. ഇതിന്‍റെയൊക്കെ ഫലമായി 2001 - ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് ദയനീയമായ പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. സമാനതകളില്ലാത്ത 32 ദിവസത്തെ പണിമുടക്കം.

നൂറ് സീറ്റിന്‍റെ പിന്‍ബലത്തിലൂടെ അമിതമായ ആവേശത്തോടെ 2001 - ല്‍ യൂ.ഡി.എഫ് - ന്‍റെ നേതൃത്വത്തിലുള്ള ഏ.കെ. ആന്റണി മന്ത്രിസഭ അധികാരത്തില്‍ വന്നു. തുടക്കം മുതല്‍തന്നെ കേന്ദ്രത്തിലെ ബി.ജെ.പി. സര്‍ക്കാരിന്‍റെ ജനവിരുദ്ധനയങ്ങള്‍ പകര്‍ത്തുവാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിയുടെയെല്ലാം മൂലകാരണം സര്‍ക്കാര്‍ ജീവനക്കാരാണെന്ന പ്രചരണത്തിന് മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിമാര്‍ തന്നെ നേതൃത്വം നല്‍കി. ജീവനക്കാര്‍ക്ക് കിട്ടിക്കൊണ്ടിരിക്കുന്ന ആനുകൂല്യങ്ങള്‍ അമിതമാണെന്നും അതൊന്നും നിലനിര്‍ത്താനാകില്ലെന്നും അവര്‍ ജനങ്ങളോട് വിശദീകരിച്ചു.

2002 ജനുവരി 8 ന് കോവളത്തുചേര്‍ന്ന യൂ.ഡി.എഫ് യോഗം സാമൂഹ്യരംഗത്തും സേവന രംഗത്തും ഗുരുതരങ്ങളായ ഒട്ടേറെ പ്രത്യാഘാതങ്ങള്‍ക്കിടവരുത്തുന്ന തീരൂമാനങ്ങള്‍ കൈക്കൊണ്ടു. അദ്ധ്യാപകരും ജീവനക്കാരും വര്‍ഷങ്ങളായി അനുഭവിച്ചുകൊണ്ടിരുന്ന നിരവധി ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കാനും പരിമിതപ്പെടുത്താനും യോഗം തീരുമാനിച്ചു. ജനുവരി 9 ന് ചേര്‍ന്ന മന്ത്രിസഭായോഗം നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കുകയും 16 ന് ഉത്തരവിറക്കുകയും ചെയ്തു.

യൂ.ഡി.എഫ് തീരുമാനം പുറത്തു വന്ന ജനുവരി 9 ന് ആരുടെയും പ്രത്യേക ആഹ്വാനങ്ങളില്ലാതെ തന്നെ ജീവനക്കാരും അദ്ധ്യാപകരും സ്ഥാപനങ്ങള്‍വിട്ട് പുറത്തിറങ്ങി. സംസ്ഥാനത്തുടനീളം നൂറുകണക്കിന് പ്രതിഷേധപ്രകടനങ്ങള്‍ നടന്നു. ജോയിന്റ് കൗണ്‍സില്‍ നേതൃത്വം അടിയന്തിരമായി ജില്ലകളുമായി ബന്ധപ്പെട്ട് പണിമുടക്കിലേക്ക് നീങ്ങാനുള്ള സാഹചര്യങ്ങളെക്കുറിച്ച് വിലയിരുത്തി. സമരസമിതി അംഗസംഘടനകളെ അടിയന്തിരമായി വിളിച്ചുകൂട്ടി, സ്ഥിതിഗതികള്‍ ചര്‍ച്ചചെയ്തു. എന്‍.ജി.ഒ യൂണിയന്‍, എന്‍.ജി.ഒ അസോസിയേഷന്‍, എന്‍.ജി.ഒ സംഘ്, ഐക്യവേദി തുടങ്ങിയ വിവിധ സംഘടനകളുമായി ആശയവിനിമയം നടത്തി. ജോയിന്റ് കൗണ്‍സില്‍ ചെയര്‍മാനായിരുന്ന എം.എന്‍.വി.ജി. അടിയോടി സംസ്ഥാനത്തെ മുഴുവന്‍ സര്‍വീസ് സംഘടനകളുമായും അദ്ധ്യാപകസംഘടനകളുമായും വകുപ്പു - കാറ്റഗറി സംഘടനകളുമായും ബന്ധപ്പെട്ടു. വിവിധ രാഷ്ട്രീയ- ട്രേഡ് യൂണിയന്‍ നേതാക്കന്മാരുമായും ബന്ധപ്പെട്ടു.

ജനുവരി 9 ന് ഉച്ചയ്ക്ക് 2 മണിക്ക് ജോയിന്റ് കൗണ്‍സില്‍ ഹാളില്‍ അദ്ധ്യാപക - സര്‍വീസ് സംഘടനാസമരസമിതിയുടെയും ആക്ഷന്‍ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്‌സിന്‍റെയും സംയുക്തയോഗം ചേര്‍ന്ന് 10 ന് സംസ്ഥാന വ്യാപകമായി സൂചനാ പണിമുടക്കം നടത്താന്‍ തീരുമാനിച്ചു. സെറ്റോ ഉള്‍പ്പെടെയുള്ള മുഴുവന്‍ സംഘടനകളുമായി ധാരണ ഉണ്ടാക്കിക്കൊണ്ടാണ് സൂചനാ പണിമുടക്കം തീരുമാനിച്ചത്. അക്ഷരാര്‍ത്ഥത്തില്‍ വിദ്യാഭ്യാസ - സര്‍വീസ് മേഖല സ്തംഭിച്ച ഒരു പണിമുടക്കമായിരുന്നു ഇത്. ആയിരക്കണക്കിന് ജീവനക്കാരും അദ്ധ്യാപകരും ജില്ലാ- താലൂക്ക് കേന്ദ്രങ്ങളില്‍ പ്രകടനം നടത്തി. പക്ഷേ മുഖ്യമന്ത്രി എ.കെ. ആന്റണിയും മറ്റു മന്ത്രിമാരും സമരത്തെ പുച്ഛിക്കാനും അപഹസിക്കാനുമാണ് തയ്യാറായത്. എടുത്ത തീരുമാനങ്ങളില്‍ നിന്നും പിന്നോട്ട് പോകുന്ന പ്രശ്‌നമേയില്ലെന്ന് അവര്‍ വ്യക്തമാക്കി.

തുടര്‍ന്ന് 10 .ന് വൈകുന്നേരം സമരസമിതിയുടെയും ആക്ഷന്‍ കൗണ്‍സിലിന്‍റെയും സംയുക്ത യോഗം ജോയിന്റ് കൗണ്‍സില്‍ ഹാളില്‍ ചേര്‍ന്നാണ് ഫെബ്രുവരി 6 -മുതല്‍ അനിശ്ചിതകാലത്തേക്ക് പണിമുടക്കാന്‍ തീരുമാനിച്ചത്. ഇതരമുന്നണികളുമായുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തില്‍ എല്ലാ മുന്നണികളും ഫെബ്രുവരി 6- മുതല്‍ അനിശ്ചിതികാലപണിമുടക്കം പ്രഖ്യാപിച്ചു. അസാധാരണമായ തയ്യാറെടുപ്പാണ് ഇതിനുവേണ്ടി സംസ്ഥാനത്ത് നടന്നത്.

പണിമുടക്കം വിജയിപ്പിക്കുന്നതിനാവശ്യമായ തയ്യാറെടുപ്പുകള്‍ ജീവനക്കാര്‍ നടത്തുമ്പോള്‍തന്നെ, അതിനെതിരെ ജനങ്ങളെ ഇളക്കിവിടാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും യൂ.ഡി.എഫ് നേതാക്കളും ആവനാഴിയിലെ എല്ലാ ആയുധങ്ങളുമെടുത്തു പ്രയോഗിച്ചു. ഇത് ജനങ്ങള്‍ക്കെതിരായ സമരമാണെന്നവര്‍ വിശദീകരിച്ചു. സര്‍ക്കാര്‍ ജീവനക്കാരാണ് നാട്ടിലെ പ്രശ്‌നങ്ങള്‍ക്കെല്ലാം ഉത്തരവാദികളെന്ന് പറഞ്ഞുകൊണ്ട് ഈ സമരത്തെ നേരിടാന്‍ വിവിധ ജനസമൂഹങ്ങളോട് പ്രത്യക്ഷമായിത്തന്നെ ആഹ്വാനം ചെയ്യുകയും ചെയ്തു. യൂ.ഡി. എഫും മന്ത്രിസഭയും കൈക്കൊണ്ട തീരുമാനങ്ങളെല്ലാം ജനുവരി 16- ന് സര്‍ക്കാര്‍ ഉത്തരവായി പുറത്തുവന്നു. ഏ.ഛ.(ജ) ചീ. 56/2002/ എശിമിരല റമലേറ 16.01.2002). ജീവനക്കാരെയും ജനങ്ങളെയും നാടിനെയും ദോഷകരമായി ബാധിക്കുന്ന താഴെപ്പറയുന്ന പ്രധാനപ്പെട്ട തീരുമാനങ്ങളാണ് ഇതിലുണ്ടായിരുന്നത്.

1.) ലീവ് സറണ്ടര്‍ ആനുകൂല്യം നിര്‍ത്തല്‍ ചെയ്തു.
2) പെന്‍ഷന്‍ കമ്യൂട്ടേഷന്‍ തുക വെട്ടിക്കുറക്കുകയും പൂര്‍ണ്ണപെന്‍ഷന്‍ പുനഃസ്ഥാപിക്കാനുള്ള കാലാവധി 15 വര്‍ഷമായി വര്‍ദ്ധിപ്പിക്കുകയും ചെയ്തു.
3. പുതുതായി സര്‍വീസില്‍ വരുന്നവര്‍ക്ക് 2 വര്‍ഷം അടിസ്ഥാന ശമ്പളംമാത്രമേ നല്‍കു കയുള്ളു.
4 മേലില്‍ സര്‍വീസില്‍ വരുന്നവര്‍ക്ക് പെന്‍ഷന്‍ ലഭിക്കുകയില്ല.
5 അദ്ധ്യാപകരുടെ പ്രൊട്ടക്ഷന്‍സംവിധാനം നിര്‍ത്തലാക്കും.
6 ഭവനവായ്പ ഉള്‍പ്പെടെയുള്ള എല്ലാവായ്പകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി.
7 അധികംവരുന്ന ജീവനക്കാരെ കണ്ടെത്തി പുനര്‍വിന്യസിക്കും
8 വോളണ്ടറി ഓഫ് ഡ്യൂട്ടി സ്‌കീം പ്രാബല്യത്തില്‍ വരുത്തും.
9 നഷ്ടത്തിലുള്ള വിദ്യാലയങ്ങള്‍ അടച്ചുപൂട്ടും.
10 മേലില്‍ ഏതെങ്കിലും തസ്തികകളില്‍ നിയമനം നടത്തണമെങ്കില്‍ സര്‍ക്കാരിന്‍റെ മുന്‍കൂര്‍ അനുമതി വാങ്ങിയിരിക്കണം.

ജീവനക്കാരുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാവത്തതിനെ പല കേന്ദ്രങ്ങളും വിമര്‍ശിച്ചപ്പോഴാണ് പണിമുടക്കിന്‍റെ തലേദിവസം (ഫെബ്രുവരി 5) മുഖ്യമന്ത്രി സംഘടനാപ്രതിനിധികളെ ചര്‍ച്ചയ്ക്ക് വിളിച്ചത്. തിരുവനന്തപുരം ഗവ. ഗസ്റ്റ് ഹൗസില്‍ വെച്ചു നടന്ന പ്രസ്തുത ചര്‍ച്ച, ഭീകരമായ അന്തരീക്ഷത്തിലാണ് നടന്നത്. പോലീസിന്‍റെ കര്‍ശന പരിശോധനകള്‍ക്കുശേഷമാണ് സംഘടനാ നേതാക്കളെ അകത്തു കടത്തിയത്. പത്രപ്രതിനിധികള്‍ക്കുപോലും പ്രവേശനം നിഷേധിച്ചു. മുഖ്യമന്ത്രി ഉള്‍പ്പെടെ 9 മന്ത്രിമാര്‍ പങ്കെടുത്ത ചര്‍ച്ചയില്‍ യാതൊരു പ്രശ്‌നത്തിലും യാതൊരു വിട്ടുവീഴ്ചക്കും സര്‍ക്കാര്‍ തയ്യാറല്ല എന്നു വ്യക്തമാക്കി. പണിമുടക്കം മാറ്റിവെക്കണമെന്ന ഏക അഭ്യര്‍ത്ഥനമാത്രമായിരുന്നു സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നും ഉണ്ടായത്. ജനുവരി 16- ന്‍റെ ഉത്തരവ് മരവിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറായാല്‍ അക്കാര്യം പരിശോധിക്കാമെന്ന നമ്മുടെ നിര്‍ദ്ദേശം സര്‍ക്കാര്‍ സ്വീകരിക്കാന്‍ തയ്യാറായില്ല. ഇതിനെത്തുടര്‍ന്ന് ഫെബ്രുവരി 6 മുതലുള്ള അനിശ്ചിതകാല പണിമുടക്കിന് മുഴുവന്‍ സംഘടനകളും നിര്‍ബന്ധിതമായി. പണിമുടക്കം പലവകുപ്പുകളിലും നിരോധിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവു പുറപ്പെടുവിച്ചു. കേരളാ അവശ്യസര്‍വീസ് സംരക്ഷണനിയമം (ഋടങഅ) അനുസരിച്ച് 20 വകുപ്പുകളില്‍ പണിമുടക്കം നിരോധിച്ചു. പണിമുടക്കുകയോ പണിമുടക്കിനെ സഹായിക്കുകയോ ചെയ്യുന്ന ആരെയും കോടതിയുടെ ഇടപെടല്‍പോലുമില്ലാതെ ജയിലിലടയ്ക്കാനുള്ള വ്യവസ്ഥകളാണ് ഈ നിയമത്തിലുള്ളത്. പണിമുടക്കുകാലം 'ഡൈസ്‌നോണ്‍' ആയിരിക്കുമെന്ന് മുന്‍കൂര്‍ പ്രഖ്യാപനം നടത്തി. പണിമുടക്കുന്ന താല്ക്കാലിക ജീവനക്കാരെയും പ്രൊബേഷണര്‍മാരെയും പിരിച്ചുവിടുമെന്ന് ഉത്തരവിറക്കി.

ഫെബ്രുവരി 6 മുതല്‍ അക്ഷരാര്‍ത്ഥത്തില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളും വിദ്യാലയങ്ങളും അടഞ്ഞുകിടന്നു. പണിമുടക്കിയവര്‍ കൂട്ടത്തോടെ പ്രകടനങ്ങളിലും പ്രതിഷേധപരിപാടികളിലും സജീവമായി പങ്കെടുത്തു. വനിതാജീവനക്കാരുടെ പങ്കാളിത്തം എടുത്തുപറയേണ്ട ഒന്നായിരുന്നു. കേന്ദ്ര ട്രേഡ് യൂണിയനുകള്‍ ഫെബ്രുവരി 7- ന് യോഗം ചേര്‍ന്ന് പണിമുടക്കിനു പിന്തുണ പ്രഖ്യാപിച്ചു. ഫെബ്രുവരി 8- ന് സംസ്ഥാനതല സമരസഹായസമിതി രൂപം കൊണ്ടു. സി.ഐ.ടിയു. ജനറല്‍ സെക്രട്ടറി പി.കെ. ഗുരുദാസന്‍ ചെയര്‍മാനും എ.ഐ.ടി.യു.സി ജനറല്‍സെക്രട്ടറി സി. ദിവാകരന്‍ കണ്‍വീനറുമായുള്ള സമരസഹായസമിതി ഊര്‍ജ്ജസ്വലമായ രീതിയില്‍ സമരത്തെ എല്ലാ അര്‍ത്ഥത്തിലും സഹായിച്ചു. മുഴുവന്‍ കേന്ദ്ര ട്രേഡ് യൂണിയന്‍ നേതാക്കളും ഫെബ്രുവരി 9- ന് മുഖ്യമന്ത്രിയെക്കണ്ട് സമരം ഒത്തു തീര്‍ക്കണമെന്ന് ആവശ്യപ്പെട്ടു. സമരം ഒത്തു തീര്‍ക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് എ.ഐ.ടി.യു.സിയുടെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 11- ന് സംസ്ഥാനത്തുടനീളം പ്രകടനവും ധര്‍ണയും നടന്നു. ജീവനക്കാരുടെയും അദ്ധ്യാപകരുടെയും കുടുംബാംഗങ്ങള്‍ ഫെബ്രുവരി 16- ന് ജില്ലാ-താലൂക്ക് കേന്ദ്രങ്ങളില്‍ ധര്‍ണ നടത്തി. സമരസമിതി പ്രവര്‍ത്തനങ്ങള്‍ക്ക് മൈക്ക് അനുമതി നല്കാത്തതിലും പോലീസ് അതിക്രമങ്ങള്‍ക്കുമെതിരെ ഫെബ്രുവരി 19- ന് ഡി.ജി.പി. ആഫീസ് മാര്‍ച്ച് നടത്തുകയുണ്ടായി. സമരസമിതി പ്രവര്‍ത്തകര്‍ ഫെബ്രുവരി 22 - ന് ജില്ലാ -താലൂക്ക് ആസ്ഥാനങ്ങളില്‍ മനുഷ്യച്ചങ്ങല തീര്‍ത്ത് സമരം വിജയിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തു.

ഫെബ്രുവരി 28-ന് വനിതാജീവനക്കാര്‍ ജില്ലാ കേന്ദ്രങ്ങളില്‍ കൂട്ടധര്‍ണ്ണ നടത്തി. പണിമുടക്കിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഐ.എന്‍.ടി.യൂ.സി ഒഴികെയുള്ള ട്രേഡ് യൂണിയനുകള്‍ മാര്‍ച്ച് 5-ന് പൊതുപണിമുടക്കം നടത്തി. സമരത്തില്‍ നിന്നും ഒഴിവാക്കിയിരുന്ന ആശുപത്രി ജീവനക്കാരുള്‍പ്പെടെയുള്ളവര്‍ മാര്‍ച്ച് 6-ന് നടത്തിയ പണിമുടക്കം അവശ്യമേഖല നിശ്ചലമാക്കി. മാര്‍ച്ച് 8-ന് ജീവനക്കാരും അദ്ധ്യാപകരും നടത്തിയ നിയമസഭാമാര്‍ച്ച് വന്‍വിജയമായിരുന്നു. പണിമുടക്കത്തെ പരാജയപ്പെടുത്താന്‍ ആദ്യകാലത്ത് രംഗത്തിറങ്ങിയ ഇന്‍ഫാം ,വ്യാപാരിവ്യവസായി ഏകോപനസമിതി എന്നിവ ഉള്‍പ്പെടെ സര്‍ക്കാരിന്‍റെ നിഷേധാത്മക നിലപാടിനെതിരെ പ്രതിഷേധിക്കുന്ന സ്ഥിതി ഉണ്ടായി. സര്‍ക്കാരിനെ പിന്തുണച്ചിരുന്ന മാദ്ധ്യമങ്ങള്‍ക്കുപോലും നിലപാടുമാറ്റേണ്ടി വന്നു. ആഗോളതലത്തില്‍തന്നെ സംസ്ഥാനജീവനക്കാരുടെയും അദ്ധ്യാപകരുടെയും സമ്പൂര്‍ണ്ണപണിമുടക്കം ചര്‍ച്ചാവിഷയമായി.

താല്ക്കാലിക സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ മാത്രമല്ല ഇത്തരം നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും മൗലികമായ ഒരു പരിഷ്‌കരണത്തിന്‍റെ തുടക്കമാണിതെന്നും മന്ത്രിമാര്‍ വ്യക്തമാക്കി. ഏഷ്യന്‍ ഡവലപ്പ്‌മെന്റ് ബാങ്കില്‍ നിന്നും 3500 കോടി രൂപ വായ്പലഭിക്കുന്നതിനുള്ള വ്യവസ്ഥകളുടെ ഭാഗമായാണ് ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കുന്നതെന്ന വസ്തുത മറനീക്കി പുറത്തുവന്നു. ഇതിനേക്കാള്‍ ആപല്‍കരമായ നടപടികള്‍ പിന്നാലെ വരുമെന്ന സ്ഥിതി ഏവര്‍ക്കും ബോദ്ധ്യം വന്നു. സംസ്ഥാന പ്ലാനിങ് ബോര്‍ഡ് സമര്‍പ്പിച്ചിരിക്കുന്ന ശുപാര്‍ശകള്‍ അത്യന്തം ആപല്‍കരമാണെന്നും അത് തടയുക എന്ന ലക്ഷ്യംകൂടി സമരത്തിനുണ്ടെന്നും ഏവര്‍ക്കും ബോദ്ധ്യമായി. നിയമന നിരോധനമേര്‍പ്പെടുത്താനുള്ള സര്‍ക്കാരിന്‍റെ ലക്ഷ്യവും എല്ലാ സേവനമേഖലകളില്‍ നിന്നും സര്‍ക്കാര്‍ പിന്‍വാങ്ങി, സ്വകാര്യസ്ഥാപനങ്ങളെ ഏല്‍പ്പിക്കുക എന്ന ഉന്നവും ജനതാല്പര്യത്തിനെതിരാണെന്ന് സമരം മുന്നോട്ടു പോയപ്പോള്‍ പ്രചരിക്കപ്പെട്ടു

സര്‍ക്കാര്‍ ജീവനക്കാരുടെ സമരം തങ്ങള്‍ക്കുവേണ്ടികൂടിയുള്ള സമരമാണെന്ന് സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവര്‍ തിരിച്ചറിഞ്ഞു. യുവാക്കളുടെ സഹകരണം ഈ സമരത്തില്‍ ആവേശകരമായിരുന്നു. പോലീസുകാരുമായി പലസ്ഥലത്തും ഏറ്റുമുട്ടി നൂറുകണക്കിന് എ.ഐ. വൈ എഫ്, ഡി.വൈ.എഫ്.ഐ ഉള്‍പ്പെടയുള്ള പ്രവര്‍ത്തകര്‍ ആശുപത്രിയിലായി. വര്‍ഗ്ഗ-ബഹുജന സംഘടനകളുടെ നിര്‍ല്ലോഭമായ സഹായസഹകരണങ്ങള്‍ ഈ പണിമുടക്കിനു ലഭിച്ചു. കേരള മഹിളാസംഘം സമരരംഗത്ത് സജീവമായ സഹകരണം നല്‍കി.

സമരരംഗത്ത് ആവേശം സൃഷ്ടിച്ച മറ്റൊരു പരിപാടിയായിരുന്നു ജീവനക്കാരുടെ കുട്ടികളും കുടുംബാംഗങ്ങളും ജില്ലാ കേന്ദ്രങ്ങളില്‍ നടത്തിയ ധര്‍ണ്ണ പരിപാടികള്‍. സംസ്ഥാന ചരിത്രത്തിലാദ്യമായി പോലീസ് കുടുംബാംഗങ്ങള്‍ സര്‍ക്കാരിനെതിരെ സമരത്തിനനുകൂലമായി രംഗത്തു വന്നു. അവര്‍ പല ജില്ലകളിലും ഉപവാസം നടത്തി. അറസ്റ്റുചെയ്ത ജീവനക്കാര്‍ക്ക് ജാമ്യം നല്‍കാതിരുന്ന സാഹചര്യത്തില്‍ സമരസമിതി പ്രവര്‍ത്തകര്‍ ജയിലുകളിലേക്ക് മാര്‍ച്ച് നടത്തി.

സമരത്തിനിടയിലും സമരത്തെത്തുടര്‍ന്നും നിയമസഭാസെക്രട്ടറിയറ്റിലെ ജീവനക്കാര്‍ക്കെതിരെ കൈക്കൊണ്ട ശിക്ഷണനടപടികള്‍ എടുത്തുപറയേണ്ടതുണ്ട്. പിക്കറ്റുചെയ്ത വനിതാജീവനക്കാരെയടക്കം 'എസ്മ' പ്രകാരം ജയിലിലടച്ചു. അവരെയെല്ലാം സസ്‌പെന്റ് ചെയ്തു. ജീവനക്കാര്‍ക്ക് ആഫീസിനരികെ പോകാന്‍പോലുമാവാത്ത ഭീകരാന്തരീക്ഷം നിലനിര്‍ത്തി. ' എസ്മ' അനുസരിച്ച് നൂറുകണക്കിന് പ്രവര്‍ത്തകര്‍ ജയിലിലായി. നിരവധിപേരുടെ പേരില്‍ മറ്റു കേസുകള്‍ ചാര്‍ജ്ജ് ചെയ്യപ്പെട്ടു. സമരരംഗത്ത് ജോയിന്റ് കൗണ്‍സില്‍ പ്രവര്‍ത്തകരുടെ ഊര്‍ജ്ജസ്വലത ശ്രദ്ധിക്കപ്പെട്ടു. എസ്മയുടെ ഭീകരതകളെ ആദ്യമായി നേരിട്ട് അറസ്റ്റ് വരിച്ചത് എറണാകുളത്തെ 4 സഖാക്കളാണ്. അവരില്‍ 3 പേരും ജോയിന്റ് കൗണ്‍സില്‍ പ്രവര്‍ത്തകരാണ്. കണ്ണൂര്‍, തൃശൂര്‍ ജില്ലാപ്രസിഡന്റുമാരുള്‍പ്പെടെയുള്ളവര്‍ ആദ്യകാലങ്ങളില്‍തന്നെ ജയിലിലായി. കൊല്ലത്ത് 3 വനിതാ സഖാക്കളുടെ അറസ്റ്റും ജയില്‍വാസവും സംസ്ഥാനത്താകെ ആവേശം പകര്‍ന്ന സംഭവമായിരുന്നു. തിരുവനന്തപുരത്ത് ആദ്യമായി ' എസ്മ' അനുസരിച്ച് അറസ്റ്റുചെയ്യപ്പെട്ടത് കെ.ജി.ഒ.എഫ് പ്രവര്‍ത്തകനായത് സംഘടനയുടെ പ്രവര്‍ത്തകര്‍ക്ക് ആവേശം പകര്‍ന്നു. തിരുവനന്തപുരത്ത് പിക്കറ്റിങ്ങിനെതുടര്‍ന്ന് ആദ്യമായി അറസ്റ്റ്‌ചെയ്യപ്പെട്ടത് നമ്മുടെ വനിതാ സഖാവിനെയായത് വലിയ വാര്‍ത്താപ്രാധാന്യം ലഭിച്ച സംഭവമായിരുന്നു. ജോയിന്റ് കൗണ്‍സിലിന്‍റെയും അംഗസംഘടനകളുടെയും 49 പേര്‍ വിവിധ ജയിലുകളില്‍ തടവിലായി. പിക്കറ്റിങ്ങിലും മറ്റും പങ്കെടുത്തതിന് അഞ്ഞുറിലേറെ പ്രവര്‍ത്തകര്‍ കേസ്സുകളില്‍ പ്രതികളായി കസ്റ്റഡിയിലെടുക്കപ്പെട്ടു. വളരെയേറെ പീഡനങ്ങള്‍ക്ക് പ്രവര്‍ത്തകര്‍ വിധേയരായി.

സമരത്തെ അടിച്ചമര്‍ത്താന്‍ കഴിയില്ല എന്നു ബോദ്ധ്യമായപ്പോഴാണ് മാര്‍ച്ച് 9-ന് സര്‍ക്കാര്‍ ചര്‍ച്ചയ്ക്കു തയ്യാറായത്. യാതൊരു കാരണവശാലും പണിമുടക്കം പിന്‍വലിക്കാതെ ചര്‍ച്ചയില്ല എന്ന മുഖ്യമന്ത്രിയുടെ പിടിവാശി അവസാനിപ്പിക്കേണ്ടിവന്നു. ചര്‍ച്ചയില്‍ വളരെ സൗഹാര്‍ദ്ദപരമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ ബോധപൂര്‍വ്വമായി ശ്രമം നടത്തി. വിട്ടുവീഴ്ചകള്‍ക്കു തയ്യാറാണെന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ജനുവരി 16- ന് പുറപ്പെടുവിച്ച ഉത്തരവില്‍ താഴെപ്പറയുന്ന ഭേദഗതികള്‍ പ്രഖ്യാപിച്ചു.

1. പെന്‍ഷന്‍ കമ്യട്ടേഷനില്‍ വരുത്തിയ വെട്ടിക്കുറവില്‍ 50% പുനഃസ്ഥാപിക്കും. 2. പ്രൊട്ടക്റ്റഡ് അദ്ധ്യാപകര്‍ക്ക് 2002- ജൂണ്‍വരെ പൂര്‍ണ്ണശമ്പളം ലഭിക്കും. അതിനകം തന്നെ പ്രൊട്ടക്ഷന്‍ വിഷയത്തില്‍ പരിഹാരമുണ്ടാക്കാന്‍ ശ്രമിക്കും. 3. ലീവ് സറണ്ടറുള്‍പ്പെടെയുള്ള മറ്റു വിഷയങ്ങളെല്ലാം ഒരു വര്‍ഷം കഴിഞ്ഞാല്‍ പുനഃപരിശോ ധിക്കാന്‍ നടപടി കൈക്കൊള്ളും. ഗുരുതരമായി ക്രിമിനല്‍ സ്വഭാവമുള്ളതൊഴികെയുള്ള കേസ്സുകളെല്ലാം പിന്‍വലിക്കും. യാതൊരു പ്രതികാര നടപടികളും ഉണ്ടാവുന്നതല്ല. എസ്മ അനുസരിച്ച് ജയിലിലുള്ളവരെയെല്ലാം ഉടന്‍ മോചിപ്പിക്കും. സൗഹാര്‍ദ്ദപരമായ രീതിയില്‍ പ്രശ്‌നങ്ങളെല്ലാം ചര്‍ച്ചചെയ്ത് തീരുമാനിക്കും. പുതുതായി നിയമനം ലഭിക്കുന്നവര്‍ക്ക് ക്ഷാമബത്ത ലഭിക്കാത്ത പ്രശ്‌നം, തസ്തികകള്‍ വെട്ടിക്കുറക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ നിയമപരമായി ചെയ്യാവുന്ന ആനുകൂല്യങ്ങള്‍ പരിഗണിക്കുമെന്നും മന്ത്രിമാര്‍ വ്യക്തമാക്കി. ചര്‍ച്ചകള്‍ക്കുശേഷം സംഘടനകളെല്ലാംതന്നെ അവരവരുടെ കമ്മിറ്റികള്‍ ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. ജോയിന്റ് കൗണ്‍സില്‍, കോണ്‍ഫെഡറേഷന്‍, സമരരസമിതി എന്നിവയെല്ലാം ബന്ധപ്പെട്ട കമ്മിറ്റികള്‍കൂടി ചര്‍ച്ചയിലെ തീരുമാനങ്ങള്‍ അവലോകനം ചെയ്തു. സമരസഹായസമിതി ഉള്‍പ്പെടെ പണിമുടക്കിനെ സഹായിച്ച ഘടകങ്ങളുമായി ആശയവിനിമയം നടത്തി. തുടര്‍ന്നു ആക്ഷന്‍ കൗണ്‍സിലും സമരസമിതിയും സംയുക്തയോഗം ചേര്‍ന്ന് പ്രശ്‌നങ്ങള്‍ വിശദമായി പരിശോധിച്ചു. എന്നാല്‍ ഇതിനകം തന്നെ 'സെറ്റോ' പണിമുടക്കം പിന്‍വലിച്ചുകഴിഞ്ഞിരുന്നു. അതുവരെ പരസ്പരം കൂടിയാലോചിച്ച് ഭാവിപ്രവര്‍ത്തനങ്ങള്‍ക്ക് രൂപം കൊടുത്തുകൊണ്ടിരുന്ന 'സെറ്റോ' കടുത്ത രാഷ്ട്രീയസമ്മര്‍ദ്ദത്തെത്തുടര്‍ന്ന് പണിമുടക്കില്‍ നിന്നും പിന്മാറാന്‍ ഏകപക്ഷീയമായി തീരുമാനിക്കുകയായിരുന്നു. വാര്‍ത്താമാദ്ധ്യമങ്ങള്‍ക്കു അവര്‍ പ്രസ്താവന നല്‍കുകയും ചെയ്തു.

ഈ സാഹചര്യത്തില്‍ രണ്ടു മാര്‍ഗ്ഗങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. പൂര്‍ണ്ണമായും ആനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും സര്‍ക്കാരിന്‍റെ ധാര്‍ഷ്ട്യം അവസാനിപ്പിക്കാന്‍ കഴിഞ്ഞതും ഏതാനും ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞതും വളരെ മഹത്തായ ,ദൂരവ്യാപകമായ പ്രത്യാഘാതം സൃഷ്ടിക്കുന്ന നേട്ടം തന്നെയാണ്. ആഗോളവത്ക്കരണ നയങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതിനെതിരെയുള്ള അതിശക്തമായ ചെറുത്തു നില്‍പ്പാണ് ഈ സമരത്തിന്‍റെ ഉള്ളടക്കമെന്നത് വിസ്മരിക്കാവുന്നതല്ല. എല്ലാ വിഷയങ്ങളും വീണ്ടും പുനഃപരിശോധിക്കാമെന്നു പറയാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിതമാക്കിയത് ഈ സമരത്തിന്‍റെ വിജയമാണ്. ഈ സാഹചര്യത്തില്‍ ജീവനക്കാരുടെ ഐക്യം നിലനിര്‍ത്തി പണിമുടക്കം യോജിച്ച് പിന്‍വലിക്കുക.ഇതായിരുന്നു ഒന്നാമത്തെ മാര്‍ഗ്ഗം. രണ്ടാമത്തെ മാര്‍ഗ്ഗം ഡിമാന്റുകള്‍ പൂര്‍ണ്ണമായും അംഗീകരിക്കപ്പെടാത്ത സാഹചര്യത്തില്‍ പണിമുടക്കുമായി ഏകപക്ഷീയമായി മുന്നോട്ടുപോവുക. ഈ രണ്ടു സാധ്യതകളുടെയും ഗുണദോഷങ്ങള്‍ വിശദമായി പരിശോധിച്ചതിനുശേഷമാണ് ആദ്യത്തെ വഴി ഏകകണ്ഠമായി തെരഞ്ഞെടുത്തത്. എസ്.എസ്.എല്‍.സി പരീക്ഷയടക്കം അനിശ്ചിതമാക്കികൊണ്ട് പണിമുടക്കുമായി മുന്നോട്ടുപോയാല്‍ ജനങ്ങള്‍ക്കിടയിലുണ്ടാവാനിടയുള്ള അമര്‍ഷവും പണിമുടക്കുരംഗത്ത് വളര്‍ന്നുവന്ന ഐക്യത്തെ തകര്‍ത്തുകൊണ്ട് രണ്ടു ചേരിയായി മാറിയാല്‍ ഉണ്ടാവുന്ന സംഘട്ടനങ്ങളും സംഘര്‍ഷവും കാണാതിരിക്കാന്‍ കഴിയില്ല. ഈ സാഹചര്യം തങ്ങളുടെ ജനവിരുദ്ധനയങ്ങള്‍ നടപ്പിലാക്കാന്‍ സര്‍ക്കാരിനു സഹായകരമാവുമെന്ന കാര്യത്തില്‍ സംശയമില്ല.

ഇത്രയേറെ സമ്പൂര്‍ണ്ണമായ ഒരു പണിമുടക്ക് നടത്തിയിട്ടും ഡിമാന്റുകള്‍ പൂര്‍ണ്ണമായി നേടിയെടുക്കാന്‍ കഴിയാത്തതില്‍ ജീവനക്കാര്‍ക്കിടയില്‍ അസംതൃപ്തി ഉണ്ടാവുക സ്വാഭാവികമാണ്. ജീവനക്കാരെ അവഹേളിക്കാന്‍ എല്ലാ അടവുകളും പയറ്റിയ സര്‍ക്കാരിനോടുള്ള അടങ്ങാത്ത അമര്‍ഷം ന്യായീകരണമുള്ളതാണ്. എന്നാല്‍ പ്രായോഗികമായും ദീര്‍ഘകാലാടിസ്ഥാനത്തിലും ജീവനക്കാര്‍ക്ക് പ്രയോജനപ്രദമാവുന്ന നിലപാടെന്ന നിലയ്ക്കാണ് പണിമുടക്കം പിന്‍വലിക്കാന്‍ എല്ലാ സംഘടനകളും തീരുമാനിച്ചത്. ഇത് ശരിയായിരുന്നു എന്നു തെളിയിക്കുന്ന സംഭവങ്ങളാണ് പല വകുപ്പുകളിലും പിന്നീട് നടന്നത്.

ചരിത്രപ്രധാനമായ ഒരു പണിമുടക്കമാണ് 32 ദിവസങ്ങളില്‍ കേരളത്തില്‍ നടന്നത്. ജോയിന്റ് കൗണ്‍സിലിനും സമരസമിതിയ്ക്കും അഭിമാനിക്കാന്‍ വക നല്‍കുന്ന ഒരു സമരമായിരുന്നു ഇത.് ഐക്യത്തിന്‍റെ ശില്പിയായി എം.എന്‍. വി.ജി.അടിയോടി അംഗീകരിക്കപ്പെട്ടു. 32 ദിവസത്തെ ഐതിഹാസികമായ പണിമുടക്കിനുശേഷമുള്ളത് ഒരു പുതിയ കാലഘട്ടമായിരുന്നു. ജീവനക്കാരെയും അദ്ധ്യാപകരെയും മുഴുവന്‍ ശത്രുക്കളായി പ്രഖ്യാപിച്ച് സര്‍ക്കാര്‍ മുന്നോട്ടുപോയി. സ്വാഭാവികമായും ജീവനക്കാരുടെ സര്‍ക്കാരിനോടുള്ള പ്രതികരണവും വ്യത്യസ്തമായിരുന്നില്ല. ആനുകൂല്യങ്ങള്‍ കവര്‍ന്നതിന്‍റെ ഒന്നാം വാര്‍ഷികദിനമായ 2003 ജനുവരി 16 ജീവനക്കാര്‍ വഞ്ചനാദിനമായി ആചരിച്ചു. 2003 ജനുവരി 25 ന് ശമ്പളപരിഷ്‌ക്കരണം നടപ്പിലാക്കല്‍ , ക്ഷാമബത്ത അനുവദിക്കല്‍, കവര്‍ന്നെടുത്ത ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിക്കല്‍, നിയമനനിരോധനം പിന്‍വലിക്കല്‍ എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് സമരസമിതി സെക്രട്ടറിയേറ്റിനുമുന്നില്‍ വമ്പിച്ച കൂട്ടധര്‍ണ്ണനടത്തി. തുടര്‍ന്ന് ആക്ഷന്‍ കൗണ്‍സിലുമായി ചേര്‍ന്ന് ഫെബ്രുവരി 27 ന് സൂചനാപണിമുടക്കം നടത്താന്‍ തീരമാനിച്ചുവെങ്കിലും അത് മാറ്റി വച്ചു. 2003 ജൂണ്‍ 11- ന് കവര്‍ന്നെടുത്ത ആനുകൂല്യങ്ങളില്‍ ചിലതുകൂടി പുനഃസ്ഥാപിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു.

2003 ജൂലൈയില്‍ പത്തനംതിട്ടയില്‍ ചേര്‍ന്ന ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കൗണ്‍സില്‍ യോഗം അഞ്ചുവര്‍ഷത്തിലൊരിക്കലുള്ള ശമ്പളപരിഷ്‌കരണം അനിശ്ചിതമായി നീളുന്ന സാഹചര്യത്തില്‍ ഇടക്കാലാശ്വാസം അനുവദിക്കണമെന്ന ആവശ്യം ഉന്നയിച്ചു. തുടര്‍ന്നുള്ള മാസങ്ങളില്‍ മറ്റു ചില സംഘടനകളും ഈ ആവശ്യം ഉന്നയിച്ചു. ശമ്പളപരിഷ്‌കരണം, ഇടക്കാലാശ്വാസം, കവര്‍ന്നെടുത്ത ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിക്കല്‍ എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള സമരങ്ങള്‍ 2004 -ല്‍ ശക്തവും വ്യാപകവുമായി. ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് ഫെബ്രുവരി 22മുതല്‍ അനിശ്ചിത കാലപണിമുടക്കം നടത്താന്‍ സമരസമിതി, ആക്ഷന്‍ കൗണ്‍സില്‍, ഐക്യവേദി മുന്നണികള്‍ കൂട്ടായി തീരുമാനിച്ചു. 21 ന് സര്‍ക്കാര്‍ ചര്‍ച്ചക്കു തയ്യാറായി. ശമ്പളകമ്മീഷനെ നിയമിക്കാനും ഇടക്കാലാശ്വാസം അനുവദിക്കാനും തയ്യാറായ സാഹചര്യത്തില്‍ പണിമുടക്കും മാറ്റിവച്ചു. എന്നാല്‍ ഇടക്കാലാശ്വാസം അനുവദിക്കുന്നതില്‍ വലിയ കാലതാമസമുണ്ടായതില്‍ പ്രതിഷേധിച്ച് ജീവനക്കാര്‍ വീണ്ടും സമരത്തിലേക്കു വീങ്ങി. ഈ സാഹചര്യത്തില്‍ ആഗസ്റ്റ് മാസത്തില്‍ 300 രൂപ ഇടക്കാലാശ്വാസം അനുവദിച്ചു.

ശമ്പളകമ്മീഷന്‍ റിപ്പോര്‍ട്ട് ബോധപൂര്‍വം നീട്ടികൊണ്ടുപോകുവാനായിരുന്നു ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍റെ ശ്രമം. ഇതില്‍ പ്രതിഷേധിച്ച് മൂന്നുമുന്നണികളും 2006 ജനുവരി 24 ന് പണിമുടക്കി. 'സെറ്റോ' പങ്കെടുത്തില്ലെങ്കിലും പണിമുടക്കം വലിയ വിജയമായിരുന്നു. തുടര്‍ന്ന് ഫെബ്രുവരി 23 മുതല്‍ അനിശ്ചിതകാല പണിമുടക്കം പ്രഖ്യാപിച്ചു. ഈ ഘട്ടത്തില്‍, 22 ന് കമ്മീഷന്‍ അവരുടെ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കുകയും അതിന്‍റെ ഉള്ളടക്കം സര്‍ക്കാര്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഈ സന്ദര്‍ഭത്തില്‍ പണിമുടക്കം മാറ്റിവച്ചു. റിപ്പോര്‍ട്ടില്‍ ജീവനക്കാര്‍ക്ക് അനുകൂലമായ കുറെ കാര്യങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ പ്രതികൂലമായ ഘടകങ്ങളും ഒട്ടനവധിയായിരുന്നു. ഇക്കാര്യങ്ങള്‍ ജോയിന്റ് കൗണ്‍സില്‍ ജീവനക്കാരോട് വിശദീകരിച്ചു. എന്നാല്‍ എന്‍. ജി.ഒ യുണിയന്‍ കോട്ടങ്ങളെക്കുറിച്ച് മാത്രവും എന്‍.ജി.ഒ അസോസിയേഷന്‍ നേട്ടങ്ങളെക്കുറിച്ചുമാത്രവുമാണ് വിശദീകരണം നടത്തിയത്. ഇതിനിടയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഇലക്ഷന്‍ കമ്മീഷന്‍ പ്രഖ്യാപിച്ചതിന്‍റെ മറവില്‍ ശമ്പളപരിഷ്‌ക്കരണ ഉത്തരവിറങ്ങുന്നത് തടസ്സപ്പെട്ടു. ഈ സാഹചര്യത്തില്‍ അവസരത്തിനൊത്തുയര്‍ന്ന്, ഡല്‍ഹിയില്‍ കേന്ദ്ര ഇലക്ഷന്‍ കമ്മീഷന് ജോയിന്റ് കൗണ്‍സില്‍ നിവേദനം നല്‍കുകയും വിശദമായ ചര്‍ച്ച നടത്തുകയും ചെയ്തു. അതിനുശേഷം കേരളത്തിലെത്തിയ കമ്മീഷന്‍, ഉത്തരവിറക്കാന്‍ അനുമതി നല്‍കുകയും ഉത്തരവിറങ്ങുകയും ചെയ്തു. ഇതൊക്കെയാണെങ്കിലും തെരഞ്ഞെടുപ്പ് കഴിയുംവരെ ജീവനക്കാര്‍ക്കാര്‍ക്കും തന്നെ ശമ്പള പരിഷ്‌ക്കരണത്തിന്‍റെ ആനുകൂല്യം കിട്ടിയിരുന്നില്ല. കേരളത്തിന്‍റെ ചരിത്രത്തില്‍ ആദ്യമായി, അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കിയ സര്‍ക്കാരിന്, ശമ്പളപരിഷ്‌ക്കരണത്തിന് വേണ്ടി ഒരു രൂപപോലും ചെലവഴിക്കേണ്ട സാഹചര്യം വന്നില്ല. യൂ.ഡി.എഫ് നേതൃത്വത്തിന്‍റെ വഞ്ചനാപരമായ സമീപനമാണ് ഈയൊരവസ്ഥ സൃഷ്ടിച്ചത്. ഇതിന്‍റെ ശക്തമായ പ്രതികരണം 2006-ലെ നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായി. യൂ.ഡി.എഫ് ദയനീയമായി പരാജയപ്പെടുകയും എല്‍.ഡി.എഫ് ചരിത്രവിജയം നേടുകയും ചെയ്തു.

2006 മേയ് 19 ന് വി.എസ്. അച്യുതാനന്ദന്‍റെ നേതൃത്വത്തിലുള്ള 19 അംഗമന്ത്രിസഭ അധികാരത്തിലേറി. പുതിയ സര്‍ക്കാര്‍ വന്ന് മാസങ്ങള്‍ കഴിഞ്ഞുവെങ്കിലും ശമ്പളപരിഷ്‌കരണത്തിലെ അപാകതകള്‍ പരിഹരിക്കുക ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ക്കൊന്നിനും പരിഹാരമുണ്ടായിട്ടില്ല. ഈ സാഹചര്യത്തില്‍ ശമ്പളപരിഷ്‌കരണത്തിലെ അപാകതകള്‍ പരിഹരിക്കാന്‍ മന്ത്രിസഭാ ഉപസമിതി രൂപീകരിക്കുക, കുടിശ്ശികയുള്ള നാലു ഗഡു ക്ഷാമബത്ത അനുവദിക്കുക, സിവില്‍ സര്‍വീസ് പരിഷ്‌ക്കരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ജോയിന്റ് കൗണ്‍സില്‍ 2006 നവംബര്‍ 7 ന് ജില്ലാ കേന്ദ്രങ്ങളില്‍ നടത്തിയമാര്‍ച്ചും ധര്‍ണ്ണയും പുതിയ ഒരു സമരമുഖം തുറക്കലായിരുന്നു. സിവില്‍ സര്‍വീസ് പരിഷ്‌കരണ ജാഥകള്‍.

സര്‍വീസ് സംഘടനാ ചരിത്രത്തില്‍ പുതിയ ഒരദ്ധ്യായം എഴുതിചേര്‍ക്കലായിരുന്നു , 2007 ജനുവരി 8 മുതല്‍ 20 വരെ തീയതികളില്‍ ജോയിന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ കെ.എല്‍. സുധാകരന്‍റെയും ജനറല്‍സെക്രട്ടറി സി.ആര്‍. ജോസ്പ്രകാശിന്‍റെയും നേതൃത്വങ്ങളില്‍ നടന്ന രണ്ട് മേഖലാജാഥകള്‍. സിവില്‍ സര്‍വീസ് പരിഷ്‌കരിക്കുക, അഴിമതിക്കാരായ സര്‍ക്കാര്‍ ജീവനക്കാരെ സര്‍വീസില്‍ നിന്ന് പുറത്താക്കുക, കോടതികളില്‍ ഉള്‍പ്പെടെ ഭരണഭാഷ മലയാളമാക്കുക, ശമ്പളപരിഷ്‌കരണത്തിലെ അപാകതകകള്‍ പരിഹരിക്കുക, നാല് ഗഡു ക്ഷാമബത്ത അനുവദിക്കുക, വനിതാജീവനക്കാരുടെ പ്രത്യേകമായ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ കമ്മീഷനെ വയ്ക്കുക , വിലക്കയറ്റം തടയുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു നടന്ന ജാഥകള്‍ അക്ഷരാര്‍ത്ഥത്തില്‍ ജനമനസ്സുകളില്‍ ഓടിയെത്തുകയായിരുന്നു. ഒരു സര്‍വീസ് സംഘടനയുടെ ജാഥയ്ക്ക് ഇത്രയും ജനപങ്കാളിത്തവും ശ്രദ്ധയും ഉണ്ടാക്കുക അപൂര്‍വ്വമാണ് . കേരളത്തിന്‍റെ മുഖഛായതന്നെ മാറ്റാന്‍ ഉപകരിക്കുന്ന വിധത്തിലുള്ള ഈ നിര്‍ദ്ദേശങ്ങള്‍ ജീവനക്കാരും ജനങ്ങളും നല്ല രീതിയില്‍ ചര്‍ച്ചചെയ്തു. ജാഥയില്‍ വിതരണം ചെയ്ത ലഘുലേഖക്ക് ആവശ്യക്കാര്‍ ഏറെയായിരുന്നു. കേരളം കണ്ടിട്ടുള്ള ഏറ്റവും വലിയ സര്‍വീസ് സംഘടനാ നേതാക്കളില്‍ ഒരാളായ 2006 ഒക്‌ടോബര്‍ 26 ന് അന്തരിച്ച എം.എന്‍.വി.ജി.അടിയോടിയുടെ, നേതൃത്വത്തില്‍ 1986 ല്‍ നടന്ന അഴിമതി വിരുദ്ധപദയാത്ര ചരിത്രത്തിന്‍റെ ഭാഗമായി മാറിയിരുന്നു. അതുപോലെതന്നെ സര്‍വീസ് സംഘടനാ ചരിത്രമെഴുതുന്ന ആര്‍ക്കും ജോയിന്‍ര് കൗണ്‍സില്‍ നടത്തിയ സിവില്‍ സര്‍വീസ് പരിഷ്‌കരണജാഥയെയും അത് സൃഷ്ടിച്ച ചലനത്തെയും കണ്ടില്ലെന്ന് നടിക്കാനാകില്ല. 'സിവില്‍ സര്‍വീസ് സംരക്ഷിക്കുക,സിവില്‍ സര്‍വീസ് മാറ്റുക' എന്ന മുദ്രാവാക്യം കാലം ഏറ്റെടുത്തിരിക്കുന്നു.

നല്ല നാളേക്ക് വേണ്ടി നമുക്കൊന്നിച്ച് പോരാടാം